By Greeshma Rakesh.15 Sep, 2023
ന്യൂയോര്‍ക്ക്: നവലോക നേതാക്കളെ അവതരിപ്പിക്കുന്ന 'ടൈം മാഗസിന്‍ 100 നെക്സ്റ്റ്' പട്ടികയില്‍ ഇടം നേടി മലയാളി ആര്‍ക്കിടെക്ട് വിനു ഡാനിയേല്‍ (41) അടക്കം 4 ഇന്ത്യക്കാര്‍. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (34), മാധ്യമപ്രവര്‍ത്തക നന്ദിത വെങ്കടേശന്‍ (33), വൈദ്യശാസ്ത്രജ്ഞന്‍ ഡോ. നബുറന്‍ ദാസ്ഗുപ്ത (44) എന്നിവരാണു പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.
സുസ്ഥിരമാതൃകയിലുള്ള നിര്‍മിതികളൊരുക്കുന്ന 'വോള്‍മേക്കേഴ്‌സ്' സ്ഥാപകനായ വിനു ഡാനിയേല്‍, വസ്ത്രാവശിഷ്ടങ്ങളും ഫെറോസിമന്റുമുപയോഗിച്ച് 'ക്ലോത്ക്രീറ്റ്' ഫര്‍ണിച്ചര്‍ ഒരുക്കുന്നതിലും മികവ് തെളിയിച്ചു.
ലാറി ബേക്കര്‍ ശൈലിയിലുള്ള പരിസ്ഥിതി സൗഹൃദ നിര്‍മിതികളില്‍നിന്നു പ്രചോദനം നേടിയ വിനു, കേരളത്തിലെ മേസന്‍മാരും തൊഴിലാളികളും നാട്ടുകാരുമാണു തന്റെ ഗുരുക്കന്മാരെന്നും വ്യക്തമാക്കി. ലണ്ടനിലെ പ്രശസ്തമായ ബാര്‍ബിക്കന്‍ സെന്ററില്‍ 2022 ല്‍ ചേന്ദമംഗലം കൈത്തറിയുടെ പ്രദര്‍ശനമൊരുക്കാനും വിന നേതൃത്വം നല്‍കിയിരുന്നു.
2017 ല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തില്‍ 115 പന്തുകളില്‍നിന്ന് 171 റണ്‍സ് നേടിയ പ്രകടനത്തോടെയാണു ഹര്‍മന്‍പ്രീത് വനിതാ ക്രിക്കറ്റിലെ ഇതിഹാസതാര നിരയിലേക്ക് ഉയര്‍ന്നത്.
ക്ഷയരോഗചികിത്സയ്ക്കിടെ ഉപയോഗിച്ച മരുന്നുകളുടെ പാര്‍ശ്വഫലമായി കേള്‍വി നഷ്ടമായ നന്ദിത വെങ്കിടേശ് നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണു ക്ഷയരോഗചികിത്സയ്ക്കുള്ള സുരക്ഷിതമായ മരുന്ന് പേറ്റന്റ് തടസ്സം നീക്കി ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ കാരണമായത്.
വേദനസംഹാരികളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മരുന്നുകളുടെ ലഭ്യത യുഎസില്‍ വര്‍ധിപ്പിക്കാനായുള്ള നടപടികള്‍ വിജയകരമായി നടപ്പാക്കിയതിലൂടെയാണ് ഡോ. നബുറന്‍ ദാസ്ഗുപ്ത ശ്രദ്ധേയനായത്.