Kaumudi Plus

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് ഭൂമിയും വീടും ;മലയിടംതുരുത്തില്‍ കരാര്‍

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് ഭൂമിയും വീടും ;മലയിടംതുരുത്തില്‍ കരാര്‍
X

കൊച്ചി: വളരെക്കാലമായി തുടരുന്ന കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത് കാവ് ഉന്നതിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരമായി ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചു. എറണാകുളം കലക്ട്രേറ്റിൽ രാത്രി വൈകിയും നടന്ന അവസാന വട്ട ചർച്ചകൾക്കു ശേഷമാണ് ബന്ധപ്പെട്ട കക്ഷികൾ കരാറിൽ ഒപ്പുവച്ചത്. മലയിടുംതുരുത്ത് കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സമവായത്തിൽ എത്തിച്ചേർന്ന കാര്യം സർക്കാർ ഇന്നു ഹൈക്കോടതിയെ അറിയിക്കും.കരാർ പ്രകാരം, കുടിയൊഴിപ്പിക്കപ്പെടുന്ന പര്യത്ത്കാവിലെ ഏഴു ദലിത് കുടുംബങ്ങൾക്ക് നിലവിൽ താമസിക്കുന്ന ഭൂമിയുടെ പിൻഭാഗത്തായി 5 സെന്റ് വീതം ഭൂവുടമകളായ ശങ്കരൻ നായരുടെ കുടുംബം വിട്ടു നൽകും. ഈ സ്ഥലത്തേക്ക് റോഡിന് ആവശ്യമായ സ്ഥലവും ഉടമകൾ നൽകും. ഒരു വർഷത്തിനുള്ളിൽ 1000 ചതുരശ്ര അടിയിൽ കുറയാത്ത വീടുകൾ സ്‌പോൺസർഷിപ്പിലൂടെ സർക്കാർ നിർമിച്ചു നൽകും.

വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നതു വരെ പര്യത്ത്കാവ് ഉന്നതിയിലെ വീട്ടുകാർക്ക് നിലവിലെ അവരുടെ വീടുകളിൽ തന്നെ കഴിയാം. നിലവിൽ ഇവർ താമസിക്കുന്ന സ്ഥലത്തു നിൽക്കുന്ന മരങ്ങൾ മുറിച്ചെടുക്കാനും കുടുംബങ്ങൾക്ക് അവകാശമുണ്ട്. വീടുകളുടെ നിർമാണം അടക്കം എല്ലാ നടപടിക്രമങ്ങളുടെയും ഉത്തരവാദിത്തം മൂവാറ്റുപുഴ ആർഡിഒ, ഡിവൈഎസ്പി എന്നിവർക്കാണ്.കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് തുടരുന്ന സമരങ്ങളും മറ്റുമായി കോടതിയുടെ പരിഗണനയിലുള്ള എല്ലാ സിവിൽ, ക്രിമിനൽ കേസുകളും പരസ്പരം പിൻവലിക്കാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. മന്ത്രി റോജി എം ജോൺ, എംഎൽഎ വിപി സജീന്ദ്രൻ, കലക്ടർ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ നാലുതവണ ഇരുകൂട്ടരുമായി ചർച്ച നടത്തിയാണ് സമവായത്തിലെത്തിയത്. കരാറിൽ റോജി എം ജോണും സജീന്ദ്രനുമാണ് സാക്ഷികളായി ഒപ്പുവെച്ചിരിക്കുന്നത്.തന്റെ ഭൂമി പട്ടികജാതി വിഭാഗത്തിൽപെട്ട കാളു കുറുമ്പൻ അന്യായമായി കയ്യേറിയെന്ന് ആരോപിച്ച് 58 വർഷം മുമ്പാണ് മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായർ നിയമപോരാട്ടം തുടങ്ങിയത്. ശങ്കരൻ നായരും കാളു കുറുമ്പനും മരിച്ചിട്ടും നിയമപോരാട്ടം അവസാനിച്ചില്ല. ശങ്കരൻ നായരുടെ പെൺമക്കളുടെ മക്കൾ കേസ് ഏറ്റെടുത്ത് മുന്നോട്ടുപോവുകയായിരുന്നു. മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ പോരാട്ടം നീണ്ടു. സുപ്രീംകോടതിയും ശങ്കരൻ നായർക്ക് അനുകൂലമായി വിധിച്ചു. ഇതേത്തുടർന്ന് ഭൂമി അളന്നുതിരിക്കാൻ അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.

Next Story
Share it