Friday 29 September 2023




ബിരുദദാന ചടങ്ങില്‍ മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ നിറകണ്ണുകളോടെ നിന്ന വിദ്യാര്‍ത്ഥി ; വേദിയില്‍ കൈത്താങ്ങായി അദ്ധ്യാപിക

By parvathyanoop.12 Jun, 2022

imran-azhar

യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നായിരിക്കും. അതുകൊണ്ട് തന്നെയാകാം മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷപൂര്‍വം നമ്മള്‍ ഈ നിമിഷത്തെ ചെലവിടുന്നത്. ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്കുള്ള പ്രവേശനം. തങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ചുവടുപടി. ഇനി പറഞ്ഞുവരുന്നത് ഫിലിപ്പീന്‍സില്‍ ഒരു കോളേജില്‍ നടന്ന ബിരുദദാന ചടങ്ങിനെ കുറിച്ചാണ്.ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്ന് തന്നെയാണ് ഇത്.

 

എന്നാല്‍ ആ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ തന്റെ മാതാപിതാക്കള്‍ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയ ഒരു വിദ്യാര്‍ത്ഥിയുടെ ബിരുദദാന ചടങ്ങിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ജെറിക് റിവാസ് എന്നാണ് വിദ്യാര്‍ത്ഥിയുടെ പേര്. ഫിലിപ്പീന്‍സിലെ ലാ കോണ്‍സെപ്ഷന്‍ കോളേജിലെ തന്റെ ക്ലാസിലെ തന്നെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു ജെറിക്. പഠിച്ച് ബിരുദം നേടിയെങ്കിലും തന്റെ ബിരുദദാന ചടങ്ങില്‍ മാതാപിതാക്കളില്ലാത്തതിനാല്‍ ചടങ്ങ് അപൂര്‍ണ്ണമായിരുന്നു.

 

2019-ല്‍ അതിനെക്കുറിച്ച് അദ്ദേഹം എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിരവധി തവണ മാതാപിതാക്കള്‍ തന്നെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരെ കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കുട്ടിക്കാലത്ത് താന്‍ മെഡലുകളും അവാര്‍ഡുകളും നേടിയപ്പോള്‍ പോലും തന്റെ മാതാപിതാക്കള്‍ ഒരിക്കലും വന്നിട്ടില്ലെന്നും ജെറിക് പറയുന്നു.

 

ബിരുദദാന വേളയില്‍, സ്റ്റേജില്‍ തന്റെ പേര് വിളിച്ചപ്പോള്‍ ആത്മവിശ്വാസത്തോടെ തന്നെയാണ് ജെറിക് സ്റ്റേജിലേക്ക് പ്രവേശിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ വന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അവന്‍ പൊട്ടിക്കരയുകയായിരുന്നു. ''എനിക്ക് വീണ്ടും സന്തോഷവും സങ്കടവും കലര്‍ന്നതായി തോന്നി. ഞാന്‍ വലത്തോട്ടും ഇടത്തോട്ടും മുന്നിലോട്ടും പിന്നിലോട്ടും നോക്കി. ചുറ്റും പുഞ്ചിരിക്കുന്ന സന്തോഷമുള്ള മുഖങ്ങളാണ് ഞാന്‍ കണ്ടത്. കരയുന്നത് അടക്കിനിര്‍ത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ എനിക്ക് കഴിഞ്ഞില്ല. എന്റെ കണ്ണുനീര്‍ വീഴുന്നതായി എനിക്ക് തോന്നി'' ജെറിക് കുറിച്ചു.

 

'ഇങ്ങനെയൊക്കെ ആണെങ്കിലും ആ വേദിയില്‍ ഞാന്‍ തനിച്ചായില്ല. ബിരുദദാന ചടങ്ങില്‍ പേര് വിളിച്ചപ്പോള്‍ അധ്യാപികരില്‍ ഒരാള്‍ അവനൊപ്പം സ്റ്റേജില്‍ ഉണ്ടായിരുന്നു. ''എന്റെ പ്രൊഫസര്‍ എന്നെ കാത്ത് സ്റ്റേജില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നെ അവര്‍ ആലിംഗനം ചെയ്തു. ആ നിമിഷം എന്റെ സങ്കടം കുറഞ്ഞെങ്കിലും ഞാന്‍ എല്ലാവരുടെയും മുന്നില്‍ കരഞ്ഞു പോയി''. തന്റെ പോസ്റ്റില്‍ എല്ലാ അധ്യാപകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം അവസാനിപ്പിച്ചു. അവസാനം, അവന്‍ തന്റെ മാതാപിതാക്കള്‍ക്ക് നന്ദി പറയുകയും അവര്‍ തന്നെക്കുറിച്ച് അഭിമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കുറിച്ചു.