Sunday 11 June 2023




നേപ്പാളില്‍ ഐഎസ്‌ഐ ഏജന്റ് കൊല്ലപ്പെട്ടു; ഇന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട് വിതരണക്കാരന്‍

By Shyma Mohan.22 Sep, 2022

imran-azhar

 

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാക് ഐഎസ്‌ഐ ഏജന്റിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. 55കാരനായ മുഹമ്മദ് ദര്‍ജി എന്ന ലാല്‍ മുഹമ്മദാണ് ഒളിസങ്കേതത്തിന് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. ഇന്ത്യയിലേക്ക് ഏറ്റവും വലിയ കള്ളനോട്ട് വിതരണക്കാരനാണ് കൊല്ലപ്പെട്ട മുഹമ്മദ് ദര്‍ജിയെന്ന് രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു.

 

കാഠ്മണ്ഡുവിലെ ഗോതതാറില്‍ വീടിന് പുറത്ത് ആഡംബര കാറില്‍ നിന്ന് ഇറങ്ങു വരുമ്പോഴായിരുന്നു ആക്രമണം. കാറില്‍ നിന്ന് പുറത്തിറങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം രണ്ട് അക്രമികള്‍ ദര്‍ജിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

 

ഐഎസ്‌ഐ നിര്‍ദ്ദേശപ്രകാരം പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വ്യാജ കറന്‍സി നേപ്പാളില്‍ എത്തിച്ച് ഇന്ത്യയിലേക്ക് എത്തിച്ചുവരികയായിരുന്നു ഇയാള്‍. അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുമായി മുഹമ്മദ് ദര്‍ജിക്ക് ബന്ധമുണ്ടെന്നാണ് അറിയാന്‍ കഴിയുന്ന വിവരം.