By Web desk.19 Nov, 2023
ന്യൂഡല്‍ഹി: ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായമയച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങളാണ് അയച്ചത്. വ്യോമപാത വഴി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിര്‍ത്തിവഴിയാണ് ഗാസയിലെത്തിക്കുക.
വിദേശാകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് എക്സിലൂടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.പലസ്തീന്‍ ജനതയ്ക്കുള്ള മാനുഷിക സഹായം നല്‍കുന്നത് തുടരുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ വ്യോമസേനയുടെ സി.17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്. ഒക്ടോബര്‍22-നാണ് പലസ്തീനിലേക്കുള്ള ഇന്ത്യയുടെ ആദ്യ സഹായമെത്തിച്ചത്. ഗാസയിലേക്ക് നിലവില്‍ സഹായമെത്തിക്കാനുള്ള ഒരേയൊരു മാര്‍ഗം റഫാ അതിര്‍ത്തിയാണ്. ഇതുതന്നെ പൂര്‍ണതോതില്‍ അനുവദിക്കപ്പെട്ടിട്ടുമില്ല.
ഇസ്രയേലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ നിലവില്‍ 12,300 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 5000-ത്തോളം പേര്‍ കുട്ടികളാണ്.