By Ameena Shirin s.02 Jul, 2022
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പേരിൽ ജനതാദൾ– ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ലയനം അനിശ്ചിതത്വത്തിൽ. തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു പിന്തുണ പ്രഖ്യാപിക്കുമെന്ന ജനതാദൾ (എസ്) ദേശീയ നേതൃത്വം വ്യക്തമായ സൂചന നൽകിയതാണ് കാരണം.
ഇതേത്തുടർന്നു ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുമായുള്ള ചർച്ചയിൽ നിന്ന് എൽജെഡി പിൻവാങ്ങി. ലയനം സംബന്ധിച്ചു പൂർണ ധാരണയിൽ എത്തിയിരുന്നതാണ്. 14ന് രണ്ടു പാർട്ടികളുടെയും സംയുക്ത സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാനും നിശ്ചയിച്ചു.
ഇക്കാര്യങ്ങൾ ദേവെഗൗഡയെ ധരിപ്പിച്ച് അന്തിമാനുമതി വാങ്ങാനായി നേതാക്കളായ മാത്യു ടി.തോമസ്, കെ.കൃഷ്ണൻകുട്ടി, എം.വി.ശ്രേയാംസ് കുമാർ, വർഗീസ് ജോർജ് എന്നിവർ ഒരുമിച്ച് ബെംഗളൂരുവിലേക്കു പോകാനും തീരുമാനിച്ചിരുന്നു.
എന്നാൽ ദേശീയ തലത്തിൽ ഗൗഡ ബിജെപിയോടു ചായുകയാണെന്ന ആശങ്ക ഉയർന്നതോടെ ഗൗഡയെ ഇന്നലെ സന്ദർശിക്കാനിരുന്ന സംഘത്തിൽ നിന്ന് ശ്രേയാംസ് കുമാറും വർഗീസ് ജോർജും പിൻവാങ്ങി. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോടു ജനതാദളിന്റെ (എസ്) കേരളഘടകം പ്രതികരിക്കുന്നതു നോക്കി മാത്രം ലയനചർച്ചകൾ മതിയെന്നാണ് അവരുടെ തീരുമാനം.