Friday 29 September 2023




അനധികൃത ഫോണ്‍ ചോര്‍ത്തല്‍; രവി നരേനെ അറസ്റ്റില്‍

By priya.07 Sep, 2022

imran-azhar

 

ന്യൂഡല്‍ഹി: അനധികൃത ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ മേധാവി രവി നരേനെ അറസ്റ്റില്‍. ഡല്‍ഹിയില്‍ രവി നരേനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചിരുന്നു.പിന്നാലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അന്വേഷണത്തില്‍ രവി നരേന്‍ സഹരിച്ചില്ലെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.


തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് രവി നരേനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. 1994 മുതല്‍ 2013 വരെയുള്ള കാലയളവില്‍ അന്നത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന രവി നരേന്‍ ഫോണ്‍ ചോര്‍ത്തിയെന്നതാണ് കേസ്. സംഭവത്തില്‍ നേരത്തെ മുന്‍ പോലീസ് കമ്മീഷ്ണര്‍ സഞ്ജയ് പാണ്ഡെയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.


മറ്റൊരു എന്‍എസ്ഇ മേധാവി ചിത്ര രാമകൃഷ്ണയെയും കേസിന്റെ ഭാഗമായി ഇഡി ചോദ്യം ചെയ്തിരുന്നു.അവര്‍ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലാണ്.
സിബിഐ നല്‍കിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്. എന്‍എസ്ഇ ജീവനക്കാരുടെ ടെലിഫോണ്‍ അനധികൃതമായി ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമര്‍ശം ഉണ്ടായിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടര്‍ന്നത്.

 

കേസില്‍ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഐഎസ്ഇസി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, സന്തോഷ് പാണ്ഡെ, ആനന്ദ് നാരായണ്‍, അര്‍മാന്‍ പാണ്ഡെ, മനീഷ് മിത്തല്‍, നമാന്‍ ചതുര്‍വേദി (അന്നത്തെ സീനിയര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ്) എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണ ഏജന്‍സി കേസെടുത്തു.


മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെ, കൂടാതെ എന്‍എസ്ഇയുടെ മുന്‍ മേധാവിമാരായ രവി നരേന്‍, ചിത്ര രാമകൃഷ്ണ, രവി വാരണാസി (അന്നത്തെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), മഹേഷ് ഹല്‍ദിപൂര്‍ എന്നിവരും ഉള്‍പ്പെടുന്നു.2009 മുതല്‍ 2017 വരെ ആരോപണവിധേയരായ സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ഉന്നത മാനേജ്‌മെന്റ് ഈ കുറ്റകൃത്യം നടത്തിയെന്നാണ് ആരോപണം. എന്‍എസ്ഇ ജീവനക്കാരുടെ ടെലിഫോണ്‍ നിയമവിരുദ്ധമായി ചോര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.