By parvathyanoop.24 Sep, 2022
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു പോപ്പുലര്‍ ഫ്രണ്ട് . ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നാണ് പിഎഫ്‌ഐയുടെ വിശദീകരണം.
ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും നന്ദിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പല ജില്ലകളിലും ഇന്നലെ അക്രമസംഭവങ്ങളുണ്ടായി. ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചിട്ടുള്ളത്.
ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി നഷ്ടം ആരില്‍ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ചോദിച്ചു.വിവിധ ജില്ലകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരളാ പോലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
170 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 368 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പോലീസ് വ്യക്തമാക്കി.നിയമലംഘനങ്ങള്‍ നടക്കുന്നത് ഭരണസംവിധാനത്തില്‍ ഭയമില്ലാത്തതു കൊണ്ടാണെന്നും തൊട്ടു കളിച്ചാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ കല്ലെറിയല്‍ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.