By parvathyanoop.05 Aug, 2022
ന്യൂഡല്‍ഹി: വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രസക്ത വിഷയങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്. രണ്ടു വിഷയങ്ങളിലും പാര്‍ലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം കോണ്‍ഗ്രസ് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപക പ്രതിഷേധം. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു.പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധിച്ച ശശി തരൂര്‍ ഉള്‍പ്പെടെയുള്ള എംപിമാരെയും കസ്റ്റഡിയിലെടുത്ത് നീക്കി. സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്. പൊലീസിന് ബലം പ്രയോഗിച്ച് നീക്കാം. ഭയപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച രാഹുല്‍ ഗാന്ധി, മോദി ഭരണം ജനാധിപത്യത്തിന്റെ അന്ത്യം കുറിച്ചെന്ന് പറഞ്ഞു. എല്ലാ കേന്ദ്ര ഏജന്‍സികളെയും കെട്ടഴിച്ചു വിടുന്ന മോദി സര്‍ക്കാരിന്റെ നടപടി ഇന്ത്യയില്‍ ഏകാധിപത്യത്തിന്റെ തുടക്കമാണു സൂചിപ്പിക്കുന്നതെന്നു രാഹുല്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി നിരക്കു വര്‍ധന എന്നിവയ്ക്കെതിരെ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.