By priya.18 Sep, 2023
സാജു ഏനായി
കാലടി: ഗവേഷക വിദ്യാര്‍ത്ഥി യൂണിവേഴ്‌സിറ്റി ക്യാന്റീനില്‍ പൊറോട്ടയടിക്കുന്ന റോളിലും. പഠനത്തോടൊപ്പം അതിനുള്ള ചെലവുകള്‍ കണ്ടെത്താനും അഖില്‍ നടത്തുന്ന പൊറോട്ട മേക്കര്‍ റോള്‍ കൂട്ടുകാര്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു.
അഖിലിന്റെ സഹപാഠികളെല്ലാം ഇപ്പോള്‍ ചായ കുടിക്കുന്നത് യൂണിവേഴ്‌സിറ്റി ക്യാന്റീനില്‍ നിന്നു തന്നെയാണ്. ഇവിടെ അഖില്‍ ഉണ്ടാക്കുന്ന പൊറോട്ടയ്ക്ക് രുചി കൂടുതലാണെന്നാണ് അവരുടെ കമന്റ്.
പഠിക്കാനുള്ള ആഗ്രഹത്തിന് പണം തടസമായപ്പോഴാണ് ഈ ഗവേഷക വിദ്യാര്‍ത്ഥി ക്യാന്റിനില്‍ പൊറോട്ടോയടിക്കാരനായത്. കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ മലയാളം മൂന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥിയായ കൊല്ലം ശൂരനാട് ആനയടി സ്വദേശി അഖില്‍ കാര്‍ത്തികേയനാണ് ഗവേഷക പഠനത്തോടപ്പം ഹോട്ടല്‍ ജോലിയും നടത്തി വരുന്നത്.
മലയാള സിനിമയുടെ ഭാവുകത്വ പരിണാമവും വിപണി രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഡോ.വത്സലന്‍ വാതുശ്ശേരിയുടെ കീഴിലാണ് ഗവേഷണവും പരിശീലനവും.
ഇതേ കോളേജില്‍ തന്നെ നാലാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥിയാണ് ഭാര്യ അനുശ്രീയും. അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. രാവിലെ അഞ്ചു മുതല്‍ 9.30 വരെ അഖില്‍ ക്യാന്റീനില്‍ ജോലി ചെയ്യും.
ചെറിയ വരുമാനവും ഒപ്പം ഭക്ഷണ കാര്യങ്ങള്‍ കൂടി നടക്കുമല്ലോ എന്നതിനാലാണ് ഇവിടെ ജോലിക്കാരനായത്. നാട്ടില്‍ പിതാവ് ഹോട്ടല്‍ നടത്തിയിരുന്നത് കൊണ്ടും അവിടത്തെ സ്ഥിര സന്ദര്‍ശകനായതുകൊണ്ടും അഖില്‍ ചെറുപ്പത്തിലേ ഹോട്ടല്‍ ജോലിയില്‍ തല്‍പ്പരനായിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ ഇഷ്ടിക ലോഡിംഗ് പണിയും ചെയ്തിട്ടുണ്ട്. ശൂരനാട് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പഠനത്തിനിടെ മേക്കാട് പണിയ്ക്കും പെയിന്റിംഗ് ജോലിക്കും പോയിരുന്നു.
ശേഷം സ്വകാര്യ ബസില്‍ ക്ലീനര്‍, കണ്ടക്ടര്‍ എന്നീ ജോലികള്‍ ചെയ്തു കൊണ്ട് മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം നേടി.
അവിടെ കോളേജ് യൂണിയനില്‍ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയും 2015-ല്‍ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ആനയടി വാര്‍ഡ് മെമ്പറുമായിരുന്നു. 2018-ല്‍ സംസ്‌കൃത സര്‍വകലാശാല പന്മന പ്രാദേശിക കേന്ദ്രത്തില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. കാര്‍ത്തികേയന്‍ - ലീല ദമ്പതികളുടെ മകനായ അഖിലിന് ഒരു സഹോദരനുമുണ്ട്.