Friday 29 September 2023




പെന്‍സിലിനും റബ്ബറിനും മാഗി നൂഡില്‍സിനും വില കൂടി ; പ്രധാനമന്ത്രിക്ക് കത്തയച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി

By parvathyanoop.01 Aug, 2022

imran-azhar

വ്യത്യസ്തമാര്‍ന്ന ഒരു കത്താണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്ന് ലഭിച്ചത്.
വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടുകള്‍ പ്രധാനമന്ത്രിയെ അറിയിച്ച് ആറുവയസ്സുകാരി. പെന്‍സിലിന്റെയും നൂഡില്‍സിന്റെയും വില കൂടിയെന്ന തന്നെ ബാധിക്കുന്ന വിഷയമാണ് കുട്ടി കത്തില്‍ പറയുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുപിയിലെ കന്നൗജ് ജില്ലയിലെ ഛിബ്രമൗ നഗരത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി കൃതി ഡുബെ ആണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കത്തിന്റെ പൂര്‍ണരൂപം

 

എന്റെ പേര് കൃതി ഡുബെ എന്നാണ്. ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. മോദിജീ, വലിയതോതില്‍ വിലക്കയറ്റം ഉണ്ടാകുന്നു. എന്റെ പെന്‍സിലിനും റബ്ബറിനും (ഇറേസര്‍) വില കൂടി. മാഗി നൂഡില്‍സിന്റെ വിലയും വര്‍ധിച്ചു. ഒരു പെന്‍സില്‍ ചോദിക്കുമ്പോള്‍ ഇപ്പോള്‍ അമ്മയെന്നെ അടിക്കും. എന്താണ് ഞാന്‍ ചെയ്യേണ്ടത്? മറ്റു കുട്ടികള്‍ എന്റെ പെന്‍സില്‍ മോഷ്ടിച്ച് കൊണ്ടു പോകുന്നു.' കത്തില്‍ പറയുന്നു.

 

ഹിന്ദിയില്‍ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതു തന്റെ മകളുടെ 'മന്‍ കി ബാത്' ആണെന്ന് കൃതിയുടെ പിതാവ് അഭിഭാഷകനായ വിശാല്‍ ഡുബെ പറഞ്ഞു. സ്‌കൂളില്‍ വച്ച് പെന്‍സില്‍ നഷ്ടപ്പെട്ടതില്‍ കുട്ടിയുടെ മാതാവ് വഴക്കു പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി കത്തെഴുതിയതെന്ന് പിതാവ് വ്യക്തമാക്കി.

 

കുട്ടിയുടെ കത്തിനെക്കുറിച്ച് അറിയുന്നത് സമൂഹമാധ്യമങ്ങള്‍ വഴിയാണെന്ന് ഛിബ്രമൗ എസ്ഡിഎം അശോക് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'കുട്ടിയെ സഹായിക്കാന്‍ ഒരുക്കമാണ്. മാത്രമല്ല, ഈ കത്ത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ ആവുന്നത് ചെയ്യാം' അദ്ദേഹം പറഞ്ഞു.