Saturday 09 December 2023




ഡേറ്റിങ്ങ് പതിവാക്കിയ യുവതി : പ്രതികള്‍ നഗ്‌നവീഡിയോ പകര്‍ത്തി കൊള്ളയടിച്ചു

By parvathyanoop.31 Jul, 2022

imran-azhar

ബെംഗളൂരു: വിചിത്രമായ സംഭവമാണ് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ യുവതിയ്ക്ക് നേരേ നടന്നത്.നഗ്‌നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൊള്ളയടിച്ച കേസില്‍ ദമ്പതിമാരടക്കം നാലുപേര്‍ അറസ്റ്റില്‍. ബെംഗളൂരുവിന് സമീപം മഗഡി മെയിന്‍ റോഡ് നിവാസികളായ ആര്‍. മംഗള(30), ഭര്‍ത്താവ് രവികുമാര്‍(35), ഇവരുടെ കൂട്ടാളികളായ ശിവകുമാര്‍, ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മംഗളയും ഭര്‍ത്താവുമാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും മറ്റു രണ്ടുപേര്‍ ഇവരുടെ സഹായികളാണെന്നും പോലീസ് പറഞ്ഞു.

 

ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ 32-കാരിയെയാണ് പ്രതികള്‍ കൊള്ളയടിച്ചത്. യുവതിയില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് ഇവര്‍ കവര്‍ന്നത്. ജൂലായ് 20-ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവമെന്നും പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

 

വിവാഹമോചിതയായ 32-കാരിയും മുഖ്യപ്രതിയായ മംഗളയും രണ്ടുമാസം മുമ്പാണ് പരിചയപ്പെടുന്നത്. ഒരു സുഹൃത്ത് വഴിയാണ് യുവതി മംഗളയെ പരിചയപ്പെട്ടത്. ഇടയ്ക്കിടെ ചില പുരുഷന്മാര്‍ക്കൊപ്പം പുറത്തുപോകുന്നതും ഡേറ്റിങ് നടത്തുന്നതും യുവതിയുടെ പതിവായിരുന്നു. രണ്ടുമാസം മുമ്പ് പരിചയപ്പെട്ട മംഗളയോടും ഇവര്‍ തന്റെ ഡേറ്റിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തി. ഒരാളെ തരപ്പെടുത്തി നല്‍കണമെന്നും ആവശ്യപ്പെട്ടു.

 

നല്ല കുടുംബപശ്ചാത്തലമുള്ള ഒരാളെ ഡേറ്റിങ്ങിനായി സംഘടിപ്പിച്ച് നല്‍കാമെന്ന് മംഗള ഉറപ്പുനല്‍കയും ചെയ്തു.ഇതിനിടെ, മംഗള യുവതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്താണ് യുവതിയുടെ ആഡംബര ജീവിതരീതിയും മറ്റും ഇവര്‍ ശ്രദ്ധിച്ചത്. യുവതിയുടെ കൈവശം ധാരാളം പണവും സ്വര്‍ണവും ഉണ്ടാകുമെന്നും ഇവര്‍ കരുതി. തുടര്‍ന്നാണ് ഭര്‍ത്താവ് രവികുമാറുമായി ചേര്‍ന്ന് കവര്‍ച്ച ആസൂത്രണം ചെയ്തത്.

 

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ജൂലായ് 20-ാം തീയതി രാത്രി മംഗള യുവതിയെ ഫോണില്‍ വിളിച്ചു. ഡേറ്റിങ്ങിനായി ഒരു യുവാവിനെ കിട്ടിയിട്ടുണ്ടെന്നും മഹാലക്ഷ്മി ലേഔട്ടിന് സമീപത്തെ സ്വിമ്മിങ് പൂളിന് സമീപം കാത്തുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവതി സ്വിമ്മിങ് പൂളിന് സമീപം എത്തുകയും ഒരു യുവാവ് ഇവിടേക്ക് കാറില്‍ വരികയും ചെയ്തു. കേസിലെ മൂന്നാംപ്രതിയായ ശിവകുമാറാണ് കാറുമായി എത്തിയത്. തുടര്‍ന്ന് യുവതി യുവാവിനൊപ്പം കാറില്‍ കയറിപ്പോയി. എന്നാല്‍ അല്പദൂരം പിന്നിട്ടതോടെ യുവാവ് കാര്‍ നിര്‍ത്തുകയും മറ്റുപ്രതികളായ രവികുമാറും ശ്രീനിവാസും കാറില്‍ കയറുകയും ചെയ്തു.

 

യുവതി ഇതിനെ എതിര്‍ത്തെങ്കിലും പ്രതികള്‍ ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് തവരക്കരെ മെയിന്‍ റോഡിന് സമീപത്തെ വിജനമായ സ്ഥലത്തേക്ക് കാറോടിച്ച് പോയി. ഇവിടെവെച്ചാണ് യുവതിയെ വിവസ്ത്രയാക്കി കൊള്ളയടിച്ചത്.കാറിനുള്ളില്‍വെച്ച് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും അഴിച്ചുമാറ്റുകയും ചെയ്ത പ്രതികള്‍ ഇതെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഈ നഗ്‌നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.

 

പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും കമ്മലുമെല്ലാം പ്രതികള്‍ കവര്‍ന്നു. തുടര്‍ന്ന് എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് 40,000 രൂപ പിന്‍വലിക്കുകയും നെറ്റ് ബാങ്കിങ് വഴി 84,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് യുവതിയെ വഴിയിലിറക്കി വിട്ടത്.