By parvathyanoop.10 Aug, 2022
മണ്ണാര്‍ക്കാട് : പത്തുകുടി ശിവക്ഷേത്രത്തില്‍നിന്നു വിളക്കുകള്‍ മോഷ്ടിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശി വിശ്വനാഥന്‍, മകന്‍ കണ്ണന്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്. കവര്‍ച്ചാ സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ രാത്രിയിലായിരുന്നു കവര്‍ച്ച. തൂക്കുവിളക്ക് ഉള്‍പ്പെടെയാണു കവര്‍ന്നത്.
പ്രതികള്‍ക്കായുള്ള അന്വേഷണത്തിനിടെയാണ് ഇരുവരും വിളക്കുകള്‍ നെല്ലിപ്പുഴയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതായ വിവരം പൊലീസറിഞ്ഞത്.മോഷ്ടിക്കുന്ന സാധനങ്ങള്‍ അടുത്ത സ്ഥലത്തുതന്നെ വില്‍പന നടത്തി മടങ്ങുന്നതാണ് ഇരുവരുടെയും ശീലം. സമാന രീതിയിലുള്ള ശ്രമം പൊലീസ് തടയുകയായിരുന്നു. തമിഴ്‌നാട് അരിയല്ലൂര്‍ പെരിയവളയം സ്വദേശികളായ ഇരുവരും ക്ഷേത്രങ്ങളാണു പ്രധാനമായും കവര്‍ച്ചയ്ക്കു ലക്ഷ്യമിടുന്നത്.
തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലും സംഘം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണു വിവരം. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.