By parvathyanoop.04 Dec, 2022
മണ്ണാര്‍ക്കാട്: പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ അമ്മയെയും സഹോദരിയെയും കാത്ത് കഴിയുകയാണ് 28 കാരനായ മുഹമ്മദ് അനീസ്. നെച്ചുള്ളിയില്‍ ഭര്‍ത്താവിന്റെ സഹോദരനൊപ്പം പോയതാണ് ഇവര്‍. എന്നാല്‍ ഈ കേസില്‍ മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി കൊടുത്തിട്ടും ഒരു
നടപടിയും ഉണ്ടായില്ല.ഇ്പ്പോഴും ദുരൂഹത തുടരുന്നു.
2012 നവംബര്‍ 17 നാണ് നെച്ചുള്ളി പരേതനായ അഷറഫിന്റെ ഭാര്യ സൈനബയും 16 കാരിയായ മകള്‍ ഫര്‍സാനയും മമ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ തീര്‍ഥാടനത്തിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയത്.
ഭര്‍ത്താവിന്റെ സഹോദരന് അബ്ദുട്ടിയുടെ കൂടെയാണ് ഇരുവരും പോയത്. വൈകിട്ട് തിരിച്ചെത്തുമെന്നും സൈനബ പറഞ്ഞിരുന്നു. എന്നാല്‍ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും ഇവരെ കുറിച്ച് വിവരമൊന്നുമില്ല.2012 നവംബര്‍ 25 ന് മകന് മുഹമ്മദ് അനീസ്, മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്കി. ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മാസങ്ങള്‍ക്ക് ശേഷം പൊലീസ് പരാതി തീര്‍പ്പാക്കി. ഒരു വര്‍ഷം കഴിഞ്ഞാണ് ദക്ഷിണ കര്‍ണാടകയിലെ പുത്തൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒരു സ്ത്രീയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹം കണ്ടെത്തിയതായി അറിഞ്ഞ് കുടുംബാംഗങ്ങള്‍ അങ്ങോട്ട് ചെന്നു.
എന്നാല്‍ മരിച്ച് മൂന്ന് ദിവസം കഴിഞ്ഞ രണ്ട് മൃതദേഹങ്ങളുടെ ഫോട്ടോകള്‍ കണ്ടെങ്കിലും കണ്ട് തന്റെ ഉറ്റവരുടേതാണോയെന്ന് ഉറപ്പിക്കാന്‍ മുഹമ്മദ് അനീസിന് കഴിഞ്ഞിട്ടില്ല.
തിരോധാനത്തിന് ശേഷവും അബ്ദുട്ടി പല തവണ നാട്ടില്‍ വന്നു പോയിരുന്നു. സൈനബയുടെ ബന്ധുക്കള്‍ പല തവണ കര്‍ണാടകയിലും മറ്റും പോയങ്കിലും ഒരു ഫലവും ഉണ്ടായില്ല