By Lekshmi.26 Mar, 2023
തിരുവനന്തപുരം: വേനല്‍ച്ചൂടിനെ നേരിടാൻ പക്ഷിമൃഗാദികൾക്ക് പുതിയ ക്രമീകരണവുമായി തിരുവനന്തപുരം മൃഗശാല.അനാക്കോണ്ടയുടെ മുറിയിൽ എയർ കണ്ടീഷൻ സ്ഥാപിച്ചു.അതിനൊപ്പം കടുവകൾക്ക് കുളിക്കാനായി ഷവറും ഘടിപ്പിച്ചിട്ടുണ്ട്.ഇതിനൊപ്പം മൃഗങ്ങളുടെ ഭക്ഷണ മെനുവിൽ കൂടുതൽ പഴവർഗങ്ങൾ ഉൾപ്പെടുത്തിയതായും മൃഗശാല അധികൃതർ അറിയിച്ചു.
മൃഗങ്ങളുടെ ഭക്ഷണമെനുവിൽനിന്ന് ചിക്കൻ ഒഴിവാക്കി പകരം പോത്തിറച്ചി, മാട്ടിറച്ചി എന്നിവ കൂടുതലായി ഉൾപ്പെടുത്തി.മൃഗശാലയിലെ നോൺ വെജ് ഭക്ഷിക്കുന്ന മൃഗങ്ങൾക്ക് ഒരു ദിവസം 94 കിലോ മാംസമാണ് വാങ്ങുന്നത്.മൽസ്യത്തിന്‍റെ അളവ് 61 കിലോയായി വർദ്ദിപ്പിച്ചിട്ടുണ്ട്.സിംഹം, കടുവ, പുലി എന്നിവയ്‌ക്കാണ് കൂടുതൽ നോൺ വെജ് വിഭവങ്ങൾ വേണ്ടിവരുന്നത്.
ഇവയ്ക്കായി ദിവസം ശരാശരി നാല് കിലോ മാംസമാണ് വേണ്ടത്.ഈ മൃഗങ്ങളുടെ കൂട്ടിൽ ഷവർ ഘടിപ്പിച്ചിട്ടുണ്ട്.തണുപ്പുള്ള വെളത്തിൽ അര മണിക്കൂറോളം നീണ്ടുനിൽക്കുന്ന കുളിക്കുശേഷമാണ് ഭക്ഷണം നൽകുന്നത്.ഇതിന് പുറമെയാണ് പുതിയതായി ഷവറും കടുവയുടെ കൂടുകളില്‍ സ്ഥാപിച്ചിട്ടുള്ളത്.
സാധാരണ കടുവയ്‌ക്ക് ഒരു നേരം മാത്രമാണ് കുളി.പരിധിയിൽ കവിഞ്ഞ ഉഷ്ണം താങ്ങാനാകാത്ത കരടികൾക്കായി പ്രത്യേക ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.രാവിലെയും വൈകിട്ടും കഴിക്കാന്‍ ഐസ് കഷ്‌ണങ്ങള്‍ കൂട്ടില്‍ വച്ച് കൊടുക്കും തണ്ണീര്‍മത്തനും മുന്തിരിയും ബക്കറ്റിലിട്ട ശേഷം വെള്ളം നിറച്ച് ഫ്രീസറില്‍ വച്ച് കട്ടിയാക്കിയാണ് നല്‍കുന്നത്.