By Greeshma.07 Mar, 2023
കോവിഡ്കാലത്തിന് ശേഷമുള്ള ആറ്റുകാല്‍ പൊങ്കാലയുടെ തിരക്കിലാണ് തലസ്ഥാന നഗരി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പൊങ്കാല അര്‍പ്പിക്കാനായി എത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും ആറ്റുകാല്‍ അമ്മക്ക് പൊങ്കാല അര്‍പ്പിക്കാന്‍ നിരവധി താരങ്ങളാണ് എത്തുന്നത്. ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. പൊങ്കാലക്കെത്തുന്ന താരങ്ങളില്‍ എപ്പോളും ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ചിപ്പി ആറ്റുകാലില്‍ എത്തിയിട്ടുണ്ട്.
'എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാല ഇടാന്‍ കഴിയുന്നുണ്ട്. അത് വലിയ അനുഗ്രഹമായിട്ട് ഞാന്‍ കരുതുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വര്‍ഷവും പൊങ്കാല ഇടുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ അതൊക്കെ തന്നെയല്ലേ. ഞാന്‍ ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്ത് ആണ്. ആറ്റുകാല്‍ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ വെളുപ്പിന് ഇവിടെ വരുന്നത്.', എന്ന് ചിപ്പി പറയുന്നു.