By Priya.02 Jul, 2022
തിരുവനന്തപുരം:സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന് പൊലീസ്.പ്രതിക്ക് വഴിയില്‍വെച്ച് ആരോ സ്‌ഫോടക വസ്തു കൈമാറിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. ചുവന്ന സ്‌കൂട്ടറിലെത്തിയ പ്രതി എകെജി സെന്ററിന് സമീപമെല്ലാം നിരീക്ഷിച്ചു.പിന്നീട് തിരിച്ചെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
ആക്രമണം നടന്നശേഷം പത്തു സെക്കന്‍ഡ് നേരം സ്ഫോടക വസ്തുവെറിഞ്ഞ മതിലിന് എതിര്‍വശത്തു നിന്നശേഷമാണ് പ്രതികള്‍ തിരികെ പോയത്.കുന്നുകുഴിയില്‍നിന്നു വരമ്പശേരി ജംക്ഷനില്‍ ഇവര്‍ എത്തിയിട്ടുണ്ട്. ഇവിടെ റോഡ് രണ്ടായി തിരിയുന്നുണ്ട്. അവിടെ നിന്നു പ്രതികള്‍ ലോ കോളജ് ഭാഗത്തേക്ക് പൊയെന്നാണ് പൊലീസിന്റെ നിഗമനം.
സ്ഫോടക വസ്തു എറിഞ്ഞയാള്‍ ഇതു കൈകാര്യം ചെയ്യുന്നതില്‍ മുന്‍പരിചയമുള്ളയാളാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അക്രമത്തില്‍ നേരിട്ടു പങ്കെടുത്തവരെ കൂടാതെ പിന്നിലാളുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.അക്രമി എകെജി സെന്റര്‍ നല്ല പരിചയമുള്ളയാളാണ്.അതിന് സമീപത്തുള്ള ആള്‍ തന്നെയായിരിക്കുമെന്നും ആക്രമണം നടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.
ഇതിനിടെ എകെജി സെന്ററിന് കല്ലെറിയുമെന്നുള്ള ഫേസ്ബുക്ക് പോസ്റ്റിട്ട് വ്യക്തിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.ഇയാള്‍ക്ക് അക്രമത്തില്‍ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്.