By priya.09 Jun, 2022
തന്റെ കക്ഷിക്ക് ആംബര്‍ ഹേഡിന്റെ പണം വേണ്ടെന്ന് ജോണി ഡെപ്പിന്റെ അഭിഭാഷകരായ കാമില്‍ വാസ്‌കസും ബെഞ്ചമിന്‍ ച്യൂവും. മാനനഷ്ടക്കേസ് നല്‍കിയത് ഒരിക്കലും പണത്തിനു വേണ്ടി ആയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഗുഡ് മോണിംഗ് അമേരിക്ക എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അഭിഭാഷകര്‍ ഡെപ്പിന്റെ നിലപാട് അറിയിച്ചത്.
'കക്ഷിയും ഞങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുറത്തുവിടാനാവില്ല. പക്ഷേ, ഡെപ്പ് പറഞ്ഞതു പ്രകാരം, ഇതൊരിക്കലും പണത്തിനു വേണ്ടി ആയിരുന്നില്ല. നഷ്ടമായ യശസ്സ് തിരികെ പിടിക്കുകയായിരുന്നു ലക്ഷ്യം. അതിനു സാധിച്ചു.''- അഭിഭാഷകര്‍ പറഞ്ഞു.
ആംബര്‍ ഹേര്‍ഡ് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡോളര്‍ ജോണി ഡെപ്പിന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.അതേസമയം, ജോണി ഡെപ്പ് 2 മില്ല്യണ്‍ ഡോളര്‍ ആംബറിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.ഇതെല്ലാം ഉള്‍പ്പെടുത്തി ആംബര്‍ ഹേര്‍ഡ് നല്‍കേണ്ടത് 10.35 മില്ല്യണ്‍ ഡോളറായിരുന്നു. എന്നാല്‍,ഹേഡിന് ഈ പണം നല്‍കാനാവില്ലെന്ന് അവരുടെ അഭിഭാഷക അറിയിച്ചു. വിധി തന്നെ തകര്‍ത്തുവെന്ന് ആംബര്‍ ഹേഡും പ്രതികരിച്ചു.
ആംബറും ജോണിയും 2015ലാണ് വിവാഹിതരാകുന്നത്.രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ വിവാഹമോചിതരായി.2018ല്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ലേഖനത്തിലൂടെ ആംബര്‍ വെളിപ്പെടുത്തി. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബര്‍ ഹേര്‍ഡിന്റെ ലേഖനം. സെക്ഷ്വല്‍ വയലന്‍സ് എന്ന പേരിലെഴുതിയ ലേഖനത്തില്‍ ഗാര്‍ഹിക പീഡനത്തിന്റെ പ്രതിനിധിയായാണ് ഹേര്‍ഡ് സ്വയം ചിത്രീകരിച്ചത്.
ലേഖനത്തില്‍ ഡെപ്പിന്റെ പേര് പറയുന്നില്ലെങ്കില്‍ കൂടി താനാണ് ലേഖനത്തില്‍ പ്രതി സ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടി 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ആംബര്‍ ഹേര്‍ഡിന്റെ വാദങ്ങള്‍ കള്ളമാണെന്ന് ഡെപ്പിന്റെ അഭിഭാഷകന്‍ ഡെയ്‌ലി മെയില്‍ മാധ്യമത്തോട് പ്രതികരിച്ചതോടെ ആംബര്‍ ഹേര്‍ഡും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 100 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നല്‍കിയത്.ആഴ്ചകള്‍ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് വിധി വരുന്നത്.