സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം;മരിച്ചത് പാലക്കാട് സ്വദേശി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എൻ1 മരണം. പാലക്കാട് കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1എൻ1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് എച്ച്1 എൻ1 ആണെന്ന് സ്ഥിരീകരിച്ചത്.പകർച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എൻ1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്. പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേർ മരിച്ചിരുന്നു. പത്തനംതിട്ട കടപ്പാറയിൽ അന്പത്താറുകാരിയുടെയും മരണം എച്ച്1എൻ1 മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞയാഴ്ച, എറണാകുളത്തും കോട്ടയത്തും പനി ബാധിച്ച് മരിച്ച രണ്ടുപേർക്കും എച്ച്1എൻ1 സ്ഥിരീകരിച്ചിരുന്നു. ഇതോടെ, ഇൗ മാസം എച്ച്1എൻ1 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. അതേസമയം, സംസ്ഥാനത്ത് ദിനം പ്രതി പകർച്ചവ്യാധികൾ പടരുകയാണ്. ഇന്ന് 70 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 25 കടന്നു. ബുധനാഴ്ച മാത്രം മൂന്നുമരണം സ്ഥിരീകരിച്ചു. എലിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്‌ലുവൻസ രോഗങ്ങൾ ബാധിച്ച് നിരവധി പേരാണ് ചികിത്സ തേടുന്നത്. ഈ മാസം മാത്രം 1630 പകർച്ചവ്യാധിക്കേസുകളും ആറ് മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

