By Priya .25 Mar, 2023
ഇടുക്കി: ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ തളയ്ക്കാനുള്ള നടപടികളുമായി വനം വകുപ്പ്. കോന്നി സുരേന്ദ്രന്‍, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകള്‍ കൂടി ഇന്ന് ചിന്നക്കനാലില്‍ എത്തും.
ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് അരിക്കൊമ്പനെ പിടികൂടുന്നത് താത്കാലികമായി തടഞ്ഞിരിക്കുകയാണ്. എന്നാല്‍ ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികള്‍ വനം വകുപ്പ് തുടരും.
ഹര്‍ജി പരിഗണിക്കുന്ന 29 ലെ തീരുമാനം അനുസരിച്ചായിരിക്കും മയക്കുവെടി വെക്കുന്ന നടപടി ഉണ്ടാകൂ.അരികൊമ്പനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനാണ് നീക്കം.
ഇതിന്റെ ഭാഗമായി ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റവരുടെ കണക്കെടുത്ത് സമര്‍പ്പിക്കും. കോടതി നടപടിയില്‍ പ്രതിഷേധിച്ച് അരിക്കൊമ്പന്റെ ആക്രമണം രൂക്ഷമായ ബിഎല്‍ റാവില്‍ രാവിലെ പ്രതിഷേധ പരിപാടികള്‍ നടക്കും. ഇന്നലെ രാത്രിയും ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു.