കേരളത്തിൽ 1,661 കോടിയുടെ അധിക നിക്ഷേപവുമായി ആസ്റ്റർ

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ക്വാളിറ്റി കെയർ ഇന്ത്യയും സംയുക്തമായി 1,661 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഉടൻ യാഥാർത്ഥ്യമാകുന്ന 454 കിടക്കകളുള്ള ആസ്റ്റർ ആശുപത്രി ഉൾപ്പെടെ കേരളത്തിൽ 834 കിടക്കകൾ കൂട്ടിച്ചേർക്കാനാണ് ആസ്റ്റർ പദ്ധതിയിടുന്നത്. ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം .
വരുംവർഷങ്ങളിൽ കേരളത്തിൽ പുതുതായി 1,315 കിടക്കകൾകൂടി കൂട്ടിച്ചേർക്കുന്നതിനായി 1,661 കോടി രൂപയുടെ അധികനിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. കേരളത്തോടുള്ള ആസ്റ്ററിന്റെ ദീർഘകാല പ്രതിബദ്ധത തുടരുമെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരം, അടിസ്ഥാന സൗകര്യവികസനം, സാമൂഹികക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പുരോഗമനപരവും വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിച്ചതിന് അദ്ദേഹം മുഖ്യമന്ത്രിയെ അഭിനന്ദിച്ചു

