Friday 29 September 2023




പ്രവര്‍ത്തകര്‍ക്ക് ആശങ്കവേണ്ട; ജയവും പരാജയവും ബിജെപിക്ക് പുതിയകാര്യമല്ലെന്ന് യെദ്യൂരപ്പ

By Greeshma Rakesh.13 May, 2023

imran-azhar

 

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ബിജെപി മുതിര്‍ന്ന നേതാവ് ബിഎസ് യെദ്യൂരപ്പ. മാത്രമല്ല പരാജയകാരണം വിലയിരുത്തുമെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

 


വിജയവും പരാജയവും ബിജെപിക്ക് പുതിയ കാര്യമല്ല. ജനവിധിയെ ബഹുമാനത്തോടെ അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഫലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ല. പാര്‍ട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് ഞങ്ങള്‍ വിശകലനം ചെയ്യും.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേല്‍നോട്ടത്തിലുള്ള കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളത്. വികസനത്തിനായി എല്ലാ സഹകരണവും തുടര്‍ന്നും ഞങ്ങള്‍ നല്‍കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ വന്‍തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്. കേവലഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റും പിന്നിട്ട് 136 സീറ്റുകളിലാണ് നിലവില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 63 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം. കര്‍ണാടക ഫലത്തോടെ ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തും ബിജെപിക്ക് ഭരണമില്ലാത്ത സ്ഥിതിയിലേക്കെത്തി.

 

കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതെല്ലാം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുപിന്നാലെ ഉറപ്പുനല്‍കി. കര്‍ണാടകഫലം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയാണെന്നും രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്നുമായിരുന്നു സിദ്ധരാമയ്യ പ്രതികരിച്ചത്.