Kaumudi Plus

കശുവണ്ടി കോർപറേഷൻ അഴിമതി ;സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കശുവണ്ടി കോർപറേഷൻ അഴിമതി ;സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
X

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ വിവാദ ഉത്തരവിറക്കിയ കശുവണ്ടി വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീൻ, ഐഎഎസ് ഉദ്യോഗസ്ഥനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷയിൽ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശിച്ചത്. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നത് എന്ന രീതിയിലാണ് വിവാദ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തെറ്റായ വിവരമാണെന്നും കോടതിയെ പൊതുമധ്യത്തിൽ കരിവാരിത്തേക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കോടതി കുറ്റപ്പെടുത്തി. കോടതിയെ മുൻനിർത്തി ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉദ്യോഗസ്ഥനെതിരെ കർശന നടപടിയിലേക്ക് നീങ്ങിയത്.

കേസിലെ പ്രതികളായ ഉദ്യോഗസ്ഥരാണോ സംസ്ഥാനം ഭരിക്കുന്നതെന്ന് കോടതി തുറന്നടിച്ചു. സർക്കാർ പുറപ്പെടുവിച്ച പ്രോസിക്യൂഷൻ അനുമതി ഉത്തരവ് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കനത്ത കടന്നാക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. നീതിന്യായ വ്യവസ്ഥയ്ക്കുനേരെയുള്ള കടന്നാക്രമാണ് ഉണ്ടായത്. ഇത് അനാവശ്യവും അപകടകരവുമായ സമീപനമാണ്. മുൻ സർക്കാരിനെക്കാൾ മോശം നിലപാടാണ് ഇപ്പോഴത്തെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.ആഫ്രിക്കയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ 600 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ ചന്ദ്രശേഖരനും കോർപറേഷൻ മുൻ എംഡി കെഎ രതീഷുമാണ് മുഖ്യപ്രതികൾ. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകാത്തത് ചോദ്യംചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് ആണ് കോടതിയെ സമീപിച്ചത്.

കോടതി ഇടപെട്ടിട്ടും അപേക്ഷയിൽ തീരുമാനമെടുക്കാതിരുന്നതിന് 2025ൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ.പി.എം.മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങിയിരുന്നു. തുടർന്ന് ഈമാസം രണ്ടിനാണ് കോടതി നിർബന്ധിച്ചതുപ്രകാരം അനുമതി നൽകുന്നുവെന്ന് സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവിലെ അപകടം മനസിലാക്കി അഡ്വക്കറ്റ് ജനറൽ ഇടപെട്ടതിനെത്തുടർന്ന് ആദ്യ ഉത്തരവ് പിൻവലിച്ച് തിങ്കളാഴ്ച പുതിയ ഉത്തരവിറക്കുകയായിരുന്നു. എന്നാൽ അതിനകം ആദ്യ ഉത്തരവ് ഉയർത്തിക്കാട്ടി പ്രതികൾ രാഷ്ട്രീയപ്രതിരോധം തീർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി രൂക്ഷവിമർശനമുയർത്തിയത്.

Next Story
Share it