By Greeshma Rakesh.18 Sep, 2023
ബെംഗളൂരു: തമിഴ്നാടുമായി വെള്ളം പങ്കിടാന്‍ കഴിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.കാവേരി നദീതട അണക്കെട്ടുകളില്‍ ആവശ്യത്തിനു വെള്ളമില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകയുടെ പുതിയ നീക്കം.തമിഴ്നാടിനു കുടിവെള്ളം, വിളകള്‍, വ്യാവസായിക ആവശ്യങ്ങള്‍ എന്നിവയ്ക്കു വെള്ളം വിട്ടുനല്‍കുന്നത് സംസ്ഥാനത്ത് ജലക്ഷാമത്തിന് ഇടയാക്കുമെന്നതിനാല്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണു നിലവില്‍ കര്‍ണാടക.
''വിട്ടുനല്‍കാന്‍ ഞങ്ങള്‍ക്ക് വെള്ളമില്ല. കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവ് പാലിക്കാത്തതിനെ കുറിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കും. വെള്ളം വിട്ടുനല്‍കണമെങ്കില്‍ 106 ടിഎംസിയാണ് (തൗസന്റ് മില്യന്‍ ക്യൂബിക് ഫീറ്റ്) വേണ്ടത്. 53 ടിഎംസി ജലലഭ്യത മാത്രമേയുള്ളൂ.
കുടിവെള്ള ആവശ്യങ്ങള്‍ക്ക് 30 ടിഎംസിയും, വിളകള്‍ സംരക്ഷിക്കാന്‍ 70 ടിഎംസിയും വ്യവസായങ്ങള്‍ക്ക് 3 ടിഎംസി വെള്ളവും ആവശ്യമാണ്. സാധാരണ ഒരു വര്‍ഷം 177.25 ടിഎംസി വെള്ളമാണ് തുറന്നുവിടുന്നത്. ഇതുവരെ 37.7 ടിഎംസി വെള്ളം തുറന്നുവിട്ടു. 99 ടിഎംസി വെള്ളം നല്‍കേണ്ടിയിരുന്നെങ്കിലും നല്‍കിയിട്ടില്ല. 5000 ക്യുസെക് വെള്ളം തുറന്നുവിടാന്‍ സിഡബ്ല്യുഎംഎ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ജലക്ഷാമമുള്ളതിനാല്‍ തുറന്നുവിട്ടില്ല''- അദ്ദേഹം പറഞ്ഞു.
15 ദിവസത്തേക്കു കൂടി 5000 ക്യുസെക് (ഘനയടി) കാവേരി ജലം തമിഴ്‌നാടിനു വിട്ടുകൊടുക്കാന്‍ കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റി 12ന് കര്‍ണടാകത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജലക്ഷാമ സാഹചര്യം കണക്കിലെടുത്ത് വെള്ളം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം കേന്ദ്ര ജലവിഭവ മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. കാവേരിയില്‍നിന്ന് 24,000 ക്യുസെക് വെള്ളം ആവശ്യപ്പെട്ടു കൊണ്ടുള്ള തമിഴ്‌നാടിന്റെ ഹര്‍ജി 21ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ 6 മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. മോഹന്‍ലാല്‍ അടക്കമുള്ളവരോട് കേസില്‍ നേരിട്ട് ഹാജരാകാന്‍ നേരത്തെ കീഴ്‌കോടതി നിര്‍ദേശിച്ചിരുന്നു.
കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി, നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ കേസ് പിന്‍വലിക്കാനുള്ള ആവശ്യം പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
2011 ല്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാന്‍ കാരണമായി സര്‍ക്കാരും മോഹന്‍ലാലും കോടതിയില്‍ ഉന്നയിച്ച വാദം.
ചെന്നൈ- മംഗലാപുരം ട്രെയിനില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് കണ്ണൂരിലെത്തിയപ്പോള്‍
കണ്ണൂര്‍ : ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ചെന്നൈ- മംഗലാപുരം ട്രെയിനിലാണ് സംഭവം.ഗുജറാത്ത് തുളസിദര്‍ സ്വദേശി സയ്യിദ് ആരിഫ് ഹുസൈന്‍ ( 66) ആണ് മരിച്ചത്. ചെന്നൈ- മംഗലാപുരം മെയിലിലെ യാത്രക്കാരനായിരുന്നു.മരണകാരണം വ്യക്തമല്ല.
തിങ്കളാഴ്ച രാവിലെ 9 മണിയോടെ ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോഴാണ് ഇയ്യാള്‍ മരിച്ച് വിവരം മറ്റു യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയില്‍ നിന്ന് കയറിയ ഇയാള്‍ കാസര്‍ക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.