Saturday 10 June 2023




ടാപ്പ് കള്ളനെ പിടികൂടാന്‍ കോളേജ് ടോയ്‌ലറ്റില്‍ ക്യാമറ; യു.പിയിൽ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

By Lekshmi.21 Mar, 2023

imran-azhar

 

 


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോളേജില്‍ ശൗചാലയത്തിനുള്ളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം.കോളേജ് പരിസരത്ത് നിന്ന് ടാപ്പുകള്‍ കാണാതാകുന്നത് പതിവായതോടെ മോഷ്ടാവിനെ കണ്ടെത്തുന്നതിനായി ശൗചാലയങ്ങളുടെ പുറത്ത് കോളേജ് അധികൃതര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

 

 

 


അധികൃതരുടെ ഭാഗത്ത് നിന്ന് 'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം' ആരോപിച്ച് അസംഗറിലെ ഡിഎവി പിജി കോളേജ് വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ടോയ്‌ലറ്റുകളുടെ പുറത്ത് ക്യാമറകള്‍ സ്ഥാപിച്ചതറിഞ്ഞതോടെ വിദ്യാര്‍ഥികള്‍ രോഷാകുലരാകുകയായിരുന്നു.

 

 

 

സ്ഥിരമായി വാട്ടര്‍ ടാപ്പുകള്‍ മോഷണം പോകുന്നത് തടയുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും അബദ്ധവശാലാണ് ഒരു ക്യാമറ ശൗചാലയത്തിനുള്ളില്‍ ഘടിപ്പിച്ചതെന്നും കോളേജ് അധികൃതര്‍ വിശദീകരണം നല്‍കി.ശൗചാലയത്തിനുള്ളില്‍ സ്ഥാപിച്ച ക്യാമറ ഉടന്‍തന്നെ നീക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.