Kaumudi Plus

ചിയേർസ് ; കേരളത്തിൽ മദ്യപാനികളുടെ എണ്ണത്തിൽ വൻ വർധന

ചിയേർസ് ; കേരളത്തിൽ മദ്യപാനികളുടെ എണ്ണത്തിൽ വൻ വർധന
X

തിരുവനന്തപുരം: കേരളത്തിൽ മദ്യപാനികളുടെ എണ്ണത്തിൽ വൻ വർധന . ദേശീയ കുടുംബാരോഗ്യ സർവേയുടെ ആറാമത് പതിപ്പിലാണ് കേരളത്തിൽ മദ്യപാനം വർധിച്ചതായുള്ള കണ്ടെത്തൽ.

15 വയസിന് മുകളിലുള്ള ആണുങ്ങളിൽ 22.7 ശതമാനം പേരും മദ്യം കഴിക്കുന്നവരാണ്. 2023-24 ൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. ഇതേ സർവേയുടെ മുൻ പതിപ്പിൽ, 2019-20ൽ, 15 വയസിന് മുകളിലുള്ള ആണുങ്ങളിൽ മദ്യം കഴിക്കുന്നവർ 19.9 ശതമാനം മാത്രമെന്നായിരുന്നു കണ്ടെത്തൽ. നാലു വർഷങ്ങൾക്കിടെ മദ്യപാനികളുടെ ശതമാനത്തിലുണ്ടായ ആപേക്ഷിക വർധന 14 ശതമാനമാണ്.ദേശീയ തലത്തിൽ പുരുഷന്മാരുടെ മദ്യപാനത്തിൽ ചെറിയ വർധനവാണുണ്ടായത്. 2019-20 ലെ 18.7 ശതമാനത്തിൽ നിന്ന് 2023-24ൽ 18.9 ശതമാനമായി. കേരളത്തിൽ സ്ത്രീകളുടെയിടയിൽ മദ്യപാനം തീരെ കുറവാണ്. എങ്കിലും അവരുടെ എണ്ണത്തിലും നേരിയ വർദ്ധനവ് ഉണ്ടായെന്നാണ് പുതിയ റിപ്പോർട്ടിൽ. മുമ്പ് 0.2 ശതമാനമായിരുന്നത് 0.3 ശതമാനമായാണ് വർധിച്ചത്. രാജ്യത്ത് പുരുഷന്മാരുടെ മദ്യപാനത്തിൽ ഏറ്റവും ഉയർന്ന നിരക്ക് അരുണാചൽപ്രദേശിലാണ്, 50.5 ശതമാനം. തൊട്ടുപിന്നിൽ തെലങ്കാന, 43.9 ശതമാനം. കേരളം പത്തൊമ്പതാം സ്ഥാനത്താണ്.

കേരളത്തിൽ മദ്യപാനം കൂടിയെന്നത് പ്രാധാന്യമർഹിക്കുന്നൊരു വാർത്തയാണ്. കാരണം കാലങ്ങളായി കേരളത്തിൽ മദ്യപാനം കുറയുന്ന ട്രെൻഡാണ് കണ്ടുവന്നത്. ഇതേ സർവേയുടെ മൂന്നാം പതിപ്പിൽ, 2005-06 ൽ, 45 ശതമാനം പുരുഷന്മാർ മദ്യപിച്ചിരുന്നത് നാലാം പതിപ്പായപ്പോഴേക്കും, 2015-16 ൽ, 37 ശതമാനമായി കുറഞ്ഞു. ഈ രണ്ടു സർവേകളും 15 മുതൽ 49 വയസുവരെയുള്ള പുരുഷന്മാരെയാണ് പരിഗണിച്ചത്.പിന്നീട് നടന്ന അഞ്ചാം പതിപ്പും (2019-20) ഒടുവിൽ നടന്ന ആറാം പതിപ്പും 15 വയസിനു മുകളിലുള്ള എല്ലാ ആണുങ്ങളെയും സർവേയിൽ ഉൾപ്പെടുത്തി. എന്തായാലും ഒരു ദശാബ്ദത്തിലേറെ കുറഞ്ഞു വന്ന ട്രെൻഡിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കേരളത്തിൽ പുരുഷന്മാരുടെ മദ്യപാനത്തിൽ നഗര ഗ്രാമ വ്യത്യാസം കുറയുകയാണ്. ഒടുവിലത്തെ സർവേയിൽ ഗ്രാമ പ്രദേശങ്ങളിൽ 23.7 ശതമാനവും നഗരങ്ങളിൽ 21.5 ശതമാനവും മദ്യപിക്കുന്നു എന്നാണ് കണ്ടെത്തൽ. അഞ്ചാം പതിപ്പിലിത് യഥാക്രമം 21 ശതമാനവും 18.7 ശതമാനവുമായിരുന്നു.

സർവേയിലെ കണ്ടെത്തലും സ്റ്റേറ്റ് ബിവറേജസ് കോർപറേഷന്റെ (ബെവ്കോ) വില്പന കണക്കും പക്ഷേ അത്രയങ്ങ് പൊരുത്തപ്പെടുന്നില്ല. ബെവ്കോ യുടെ കണക്കു പ്രകാരം 2023-24ൽ 3.30 കോടി കെയ്‌സ് മദ്യമാണ് (ഒരു കെയ്‌സ് ഒൻപത് ലിറ്റർ) വിറ്റത്. ഇത് യഥാർത്ഥത്തിൽ 2019-20ലെ വിൽപ്പനയെക്കാൾ, 3.35 കോടി കെയ്‌സുകളെക്കാൾ കുറവായിരുന്നു. വില വർധന മൂലം കോർപറേഷന്റെ ആകെ വിറ്റുവരവ് ഇക്കാലയളവിൽ 14,708 കോടി രൂപയിൽ നിന്ന് 19,089 കോടിയായി ഉയർന്നു.

Next Story
Share it