Sunday 05 February 2023




ഗിനിയയില്‍ തടവിലാക്കപ്പെട്ട നാവികരുടെ മോചനം; വീഡിയോ പുറത്ത്; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

By Lekshmi.08 Nov, 2022

imran-azhar

 

കൊല്ലം: ഇക്കഡോറിയൽ ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
തടവിലായവരെ മോചിപ്പിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

 

അതിനിടെ, ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശരായി കിടക്കുന്ന കപ്പൽ ജീവനക്കാരുടെ പുതിയ വീഡിയോ സന്ദേശവും പുറത്തുവന്നു.ഇന്ത്യക്കാരായ 15 കപ്പൽ ജീവനക്കാരെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഗിനി മലാഗോ ദ്വീപിലെത്തിച്ച് തടവിൽ പാർപ്പിച്ചത്.

 

ഹോട്ടലിൽ എത്തിക്കാമെന്ന് പറഞ്ഞായിരുന്നു ഇവരെ തടങ്കലിലാക്കിയത്. ചെറിയ മുറിക്കുള്ളിൽ അടയ്ക്കപ്പെട്ട ജീവനക്കാർ തീർത്തും അവശരായി കഴിഞ്ഞു. വെള്ളമോ, ഭക്ഷണമോ നൽകാതെയാണ് ഇവരെ തടങ്കലിൽ വെച്ചിരിക്കുന്നത്.

 

നേരത്തെ ഗിനി സൈന്യം അറസ്റ്റ് ചെയ്ത മലയാളി ചീഫ് ഓഫീസർ സനു ജോസഫിനെ തിരികെ കപ്പലിലെത്തിച്ചു. തടവിലാക്കപ്പെട്ടവർ ഉൾപ്പെടെ മൂന്നു മലയാളികളാണ് കുടുങ്ങി കിടക്കുന്നത്.

 


കപ്പലിലുള്ള ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 26 പേരെയും മോചിപ്പിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്.കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.