Kaumudi Plus

പകർച്ച വ്യാധി വ്യാപനത്തിൽ ആശങ്ക ;സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കും

പകർച്ച വ്യാധി വ്യാപനത്തിൽ ആശങ്ക ;സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച വ്യാധികൾ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും. ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ച വ്യാധികൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും കലക്ടർമാരുമായും ആരോഗ്യമന്ത്രി കെ മുരളീധരൻ ബുധനാഴ്ച നടത്തിയ യോഗത്തിലാണ് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാൻ തീരുമാനമായത്.മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ പോരായ്മകൾ കണക്കിലെടുത്താണ് അടിയന്തരമായി ഡ്രൈ ഡേ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്. ഇത്തവണ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഇക്കാര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ മുരളീധരൻ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പകർച്ചവ്യാധി വ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.

ഷിഗെല്ല രോഗവ്യാപനത്തിനിടെ തിരുവനന്തപുരത്ത് എം പോക്‌സും റിപ്പോർട്ട് ചെയ്തിരുന്നു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ഇതുവരെ എട്ട് പേർക്കാണ് എം പോക്സ് സ്ഥിരീകരിച്ചത്. ഈ മാസം ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂർ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിങ്ങനെയാണ് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്.കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂണിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിൽവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3), മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 186 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ജൂൺ മാസം മാത്രം 110 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 68 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് ഡെങ്കി സ്ഥിരീകരിച്ചത്. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story
Share it