By Greeshma Rakesh.13 May, 2023
കണ്ണൂര്‍ : കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ വിജയത്തില്‍ പ്രതികരിച്ച് സിപിഎം. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കര്‍ണാടകയില്‍ വന്ന് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല.
വര്‍ഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കര്‍ണാടകയില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതെസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാന്‍ കഴിയില്ലെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
ലോക് സഭ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.