പി എസ് സി ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും;മുഖ്യമന്ത്രി

തിരുവനന്തപുരം: പി എസ് സിയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷാ ക്രമക്കേടുകൾ അടക്കമുള്ള പരാതികളാണ് ഉയർന്നു വന്നിട്ടുള്ളത്. കെഎഎസ് പരീക്ഷയെപ്പറ്റി പരാതികൾ ഉയർന്നിട്ടുണ്ട്. ഇന്റർവ്യൂവിൽ മാർക്ക് കൂട്ടിക്കൊടുത്തു എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മന്ത്രിസഭായോഗശേഷം കാബിനറ്റ് തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കുമോ അന്വേഷിക്കേണ്ടത് എന്നതടക്കം ആഭ്യന്തരവകുപ്പ്, പരാതികളുടെ ഗൗരവം അനുസരിച്ച് തീരുമാനിക്കും. അത് ആഭ്യന്തരവകുപ്പിന്റെ വിവേചനാധികാരമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കൂട്ടിച്ചേർത്തു. പിഎസ് സി യുടെ വിശ്വാസ്യത വീണ്ടെടുക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും.
ചോദ്യം തയ്യാറാക്കുന്നതിൽ, മാർക്ക് ഇടുന്നതിൽ, കെഎഎസ് പരിക്ഷയെക്കുറിച്ച് അടക്കം നിരവധി പരാതികളാണ് പിഎസ് സിയെപ്പറ്റി ഉയർന്നു വന്നിട്ടുള്ളത്. അതെല്ലാം അന്വേഷിക്കട്ടെ. അന്വേഷണം നടത്താതെ ഒരു തീരുമാനത്തിലെത്താൻ സാധ്യമല്ല. ഒരു സ്ഥാപനത്തിന്റെയും വിശ്വാസ്യത നശിപ്പിക്കാൻ സർക്കാർ തയ്യാറാകുകയില്ല. പരാതികൾ അന്വേഷിക്കാതിരിക്കാൻ ഒരു നിവൃത്തിയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

