സൈബര്‍ അധിക്ഷേപവും കുടുംബത്തെ വേട്ടയാടലും ;ടിനി ടോമിനെതിരെ പരാതി നല്‍കി അന്‍സിബ ഹസന്‍

കൊച്ചി: തുടരെത്തുടരെ സൈബർ അധിക്ഷേപം നടത്തുന്നുവെന്നും തന്നെയും കുടുംബത്തേയും വേട്ടയാടുന്നുവെന്നും ആരോപിച്ച് നടൻ ടിനി ടോമിനെതിരെ പരാതിയുമായി നടി അൻസിബ ഹസൻ. കൊച്ചി ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.സ്ത്രീത്വത്തെ അപമാനിച്ചെന്നും തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബയുടെ പരാതിയിലുണ്ട്. വാട്‌സ്ആപ്പിലൂടെയും സൈബറിടങ്ങളിലും അമ്മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും തന്നേയും തന്റെ കുടുംബത്തേയും വളരെ മോശമായി ചിത്രീകരിക്കുന്നു. സിനിമയിൽ തന്നെയുള്ള ചില ആളുകളെ താൻ മതപരിവർത്തനം നടത്തിയെന്ന് പ്രചരിപ്പിക്കുന്നുവെന്നും അൻസിബ പരാതിപ്പെടുന്നു. സിനിമയിൽ പ്രവർത്തിക്കുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ മകനേയും മറ്റൊരാളേയും ഇസ്ലാം മതത്തിലേയ്ക്ക് ചേരാൻ താൻ നിർബന്ധിച്ചുവെന്നും അക്കാര്യം അമ്മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ടിനി ടോം ചർച്ചയാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.വ്യക്തിവൈരാഗ്യം തീർക്കാൻ തനിക്കെതിരെ മതപരമായ ആയുധം ഉപയോഗിച്ച് 'ജിഹാദി' എന്ന് മുദ്രകുത്താൻ ശ്രമിച്ചെന്നും അൻസിബ നേരത്തെ വ്യക്തമാക്കിയിരുന്നു. നീതി ലഭിക്കാത്ത അമ്മ സംഘടനയുടെ കമ്മിറ്റിക്ക് മുന്നിൽ പോകില്ലെന്നും നടി പറഞ്ഞു. നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത സെൽ എസ്‌ഐ രേഷ്മക്കെതിരെയും മൊഴി നൽകാനെത്തിയപ്പോഴാണ് അൻസിബയുടെ പ്രതികരണം.അദ്ദേഹം തന്നോട് മാത്രമല്ല ദ്രോഹം ചെയ്തത്. ഒരു സമൂഹത്തോടാണ്, പ്രത്യേകിച്ച് കേരളം പോലെ ഇത്രയും മതേതരത്വമുള്ള ഒരു സംസ്ഥാനത്തിൽ ജീവിക്കുന്നവരോടാണ് അദ്ദേഹം തെറ്റ് ചെയ്തിരിക്കുന്നത്. അത് വളരെ മോശമായ കാര്യമാണ്. ഒരാളോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി, എനിക്കെതിരെ മറ്റ് തെളിവുകളൊന്നും കിട്ടാതിരുന്നപ്പോൾ 'അൻസിബ ഹസൻ' എന്ന പേര് വച്ച് ഇതിനെ വർഗീയമായി ഉപയോഗിക്കാം എന്ന് അദ്ദേഹം കരുതി. സമൂഹത്തിന് വളരെ തെറ്റായ ഒരു സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. എന്നാൽ ഭാഗ്യവശാൽ നമ്മൾ ജീവിക്കുന്നത് കേരളത്തിലായതുകൊണ്ട് മലയാളികൾക്കെല്ലാം കാര്യങ്ങൾ കൃത്യമായി മനസ്സിലായിട്ടുണ്ട്. അദ്ദേഹം ചെയ്ത പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല, അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ മതിയാകൂ എന്നും അൻസിബ മുമ്പ് പറഞ്ഞിരുന്നു.

