By Lekshmi.31 Jan, 2023
പെഷവാർ: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പെഷവാർ നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലെ പള്ളിയിൽ നടന്ന ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി ഉയർന്നു.തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിന് കാരണക്കാരനായ താലിബാന്‍ ചാവേറിന്റെ അറ്റുപോയ തല കണ്ടെടുത്തു.ചാവേറായി പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്നയാളുടെ തല, അറ്റുപോയ നിലയില്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തെന്ന് പെഷവാര്‍ സിറ്റി പോലീസ് ഓഫീസര്‍ മുഹമ്മദ് ഐജാസ് ഖാന്‍ പറഞ്ഞു.
ചൊവ്വാഴ്ചയാണ് പോലീസ് തല കണ്ടെടുത്തത്.സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഇയാള്‍ പള്ളിക്കകത്ത് പ്രവേശിച്ചതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.ഏതെങ്കിലും ഒരു ഔദ്യോഗിക വാഹനമുപയോഗിച്ചായിരിക്കണം ഇയാള്‍ പള്ളിയില്‍ പ്രവേശിച്ചിരിക്കുക എന്നാണ് പോലീസിന്റെ നിഗമനം.
തിങ്കളാഴ്ച് ഉച്ചയ്ക്ക് ളുഹര്‍ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 93 പേര്‍ കൊല്ലപ്പെട്ടിരുന്നു.221 പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ക്കഴിയുന്നു.സ്ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം പാടേ തകര്‍ന്നിരുന്നു.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
മൃതദേഹങ്ങള്‍ കണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ചാവേറിന്റെ തലഭാഗവും കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയായിരുന്നു അപകടം.ഉച്ചസമയത്തെ പ്രാര്‍ഥനവേളയില്‍, പള്ളിക്കകത്തെ ഒന്നാമത്തെ നിരയില്‍ത്തന്നെ ഇയാളുണ്ടായിരുന്നു. നമസ്‌കാരത്തിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.