കര്‍ണാടകയില്‍ ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രണ്ട് മലയാളികൾ മന്ത്രിസഭയിൽ

ബെംഗളൂരു: കർണാടകയിൽ ഡി കെ ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലോക്ഭവനിൽ വൈകിട്ട് 4.05 ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഡി കെ ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും .മന്ത്രിസഭയിൽ കെ ജെ ജോർജ് യു ടി ഖാദർ എന്നീ മലയാളികളും ഇടംപിടിച്ചിട്ടുണ്ട് എന്നത് വളരെ ശ്രദ്ധേയമാണ് .
സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് നിയമസഭ സ്പീക്കറായിരുന്നു യു ടി ഖാദർ. കാസർകോട് ജില്ലയിലെ ഉള്ളാൽ സ്വദേശിയാണ്. മംഗലൂരു നിയമസഭ മണ്ഡലത്തിൽ നിന്നും നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ പ്രധാന വകുപ്പുകളിലൊന്നിൽ മന്ത്രിയാകും. മുതിർന്ന നേതാക്കളായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, എംബി പാട്ടീൽ, പ്രിയങ്ക് ഖാർഗെ തുടങ്ങിയവരും മന്ത്രിമാരാകുമെന്നാണ് റിപ്പോർട്ട്.പുതിയ സംസ്ഥാന മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നതിനായി ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കഴിഞ്ഞ ദീവസം ഡൽഹിയിലെത്തിയിരുന്നു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ കോൺഗ്രസ് ദേശീയ നേതാക്കളായ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങിയവർ സംബന്ധിക്കും. കോൺഗ്രസ് മുഖ്യമന്ത്രിമാരായ വിഡി സതീശൻ, രേവന്ത് റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
സ്ഥാനമൊഴിഞ്ഞ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. മകൻ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിലേക്കും പരിഗണിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന ഡോക്ടർ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. എം ബി പാട്ടീൽ, കൃഷ്ണ ബൈരേ ഗൗഡ, സതീഷ് ജാർക്കഹോളി, യു ടി ഖാദർ, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, പ്രിയങ്ക് ഖാർഗെ, ഡോക്ടർ യതീന്ദ്ര സിദ്ധരാമയ്യ, രാമലിംഗ റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ. ജൂൺ 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകും.

