By priya.06 Sep, 2022
റിയാദ്: സൗദി അറേബ്യയിലെ അല്‍ ബാഹ മേഖലയില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു.ഈ മേഖലയില്‍ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഭൂചലനമുണ്ടാകുന്നത്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 1.95 തീവ്രത രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി വക്താവ് താരിഖ് അബാ ഖൈല്‍ പറഞ്ഞു.
ഭൗമോപരിതലത്തില്‍ നിന്ന് 5 കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഉപരിതലവുമായി അടുത്തായതുകൊണ്ട് ചില പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഭൂചലനം വ്യക്തമായി അനുഭവപ്പെട്ടു. വളരെ ചെറിയ ഭൂചലനമാണ് ഉണ്ടായതെന്നും രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു.
സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ചെറിയ ഭൂചലനങ്ങളാണ് രാജ്യത്ത് ഉണ്ടാവാറുള്ളതെന്നും ഇവ നിരീക്ഷിക്കാനായി രാജ്യത്ത് മൂന്നൂറിലധികം നിരീക്ഷണ കേന്ദ്രങ്ങളുണ്ടെന്നും ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി വക്താവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബുധനാഴ്ച രാവിലെയ അല്‍ ബാഹയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ ചെറിയ ഭൂചലനമുണ്ടായിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 3.62 ആണ് തീവ്രത രേഖപ്പെടുത്തിയത്.