Thursday 13 May 2021




കോഴിക്കോടും കാസര്‍കോടും കോണ്‍ഗ്രസ് ഇത്തവണയും 'സംപൂജ്യം'

By Aswany Mohan K.04 May, 2021

imran-azhar



 

കോഴിക്കോട്: കാസര്‍കോട്, കോഴിക്കോട് ജില്ലകള്‍ കോണ്‍ഗ്രസിന് ഇത്തവണയും ബാലികേറാമലയായി. കാസര്‍ഗോഡ് രണ്ടു സീറ്റുകളിലും കോഴിക്കോട് അഞ്ചുസീറ്റിലുമാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചത്.

 


2001ല്‍ കോഴിക്കോട് ഒന്നില്‍ എ.സുജനപാലും കൊയിലാണ്ടിയില്‍ പി.ശങ്കരനും വിജയിച്ചതിന് ശേഷം കോഴിക്കോട് ജില്ലയില്‍ നിന്നും കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച ആരും നിയമസഭയില്‍ എത്തിയിട്ടില്ല.

 

കോഴിക്കോട് ഇത്തവണ വിജയത്തിനായി കോണ്‍ഗ്രസ് നടത്തിയ പരിശ്രമങ്ങളെല്ലാം വീണ്ടും വൃഥാവിലായി. കോണ്‍ഗ്രസ് വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന കൊയിലാണ്ടിയില്‍ എന്‍.സുബ്രഹ്‌മണ്യനെ രംഗത്തിറക്കിയുള്ള കോണ്‍ഗ്രസ് പരീക്ഷണം പാളി.

 

ബാലുശ്ശേരി അഭിനേതാവ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരീക്ഷിക്കാനുള്ള നീക്കത്തിനും തിരിച്ചടി കിട്ടി. 2001 സുജനപാല്‍ വിജയിച്ച കോഴിക്കോട് നോര്‍ത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെ ഇറക്കിയെങ്കിലും ആ പരീക്ഷണവും വിജയിച്ചില്ല.

 

കോണ്‍ഗ്രസ് വിജയപ്രതീക്ഷ പുലര്‍ത്തിയ നാദാപുരത്ത് പക്ഷെ കെ.പ്രവീണിനും അടിപതറി. കഴിഞ്ഞ തവണ എല്‍.ജെ.ഡി മത്സരിച്ച എലത്തൂരില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് സംസ്ഥാനനേതൃത്വം അവഗണിച്ചു.

 

കാസര്‍ഗോഡ് ആകെയുള്ള അഞ്ചുസീറ്റില്‍ മൂന്നിലും മത്സരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ ഇത്തവണ തൃക്കരിപ്പൂര്‍ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വി്ട്ടുകൊടുത്തതില്‍ ഡി.സി.സി നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.

 

1987ല്‍ കെ.പി.കുഞ്ഞിക്കണ്ണന്‍ ഉദുമയില്‍ വിജയിച്ചതിന് ശേഷം കോണ്‍ഗ്രസിന് കാസര്‍ഗോഡ് നിന്നും ഒരാളെപ്പോലും വിജയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. 2016ല്‍ കെ.സുധാകരന്‍ കണ്ണൂരില്‍ നിന്നെത്തി ഉദുമ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

 

ത്തവണ പെരിയ ബാലകൃഷ്ണനെ രംഗത്തിറക്കി ഉദുമ കീഴടക്കാനുള്ള തീവ്രയജ്ഞം തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തിയത്. എന്നാല്‍ സി.എച്ച്.കുഞ്ഞമ്പു 13322 വോട്ടിന് ഇവിടെ വിജയിക്കുകയായിരുന്നു.