Sunday 11 June 2023




കോവളത്ത് വിദേശസഞ്ചാരിക്ക് ക്രൂരമര്‍ദനം; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

By Greeshma Rakesh.25 Mar, 2023

imran-azhar

 

 
കോവളം(തിരുവനന്തപുരം): ആയുര്‍വേദ ചികിത്സാര്‍ഥം എത്തിയ നെതര്‍ലന്‍ഡ്‌സ് സ്വദേശി കാല്‍വിന്‍ സ്‌കോള്‍ട്ടണെ (27) ക്രൂരമായി മര്‍ദിച്ച് ടാക്‌സി ഡ്രൈവര്‍. യാത്രക്കായി ടാക്‌സി വിളിക്കാതെ സ്വകാര്യവാഹനം ഉപയോഗിച്ചതിന്റെ പേരിലായിരുന്നു അക്രമണം. സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ ടിസി 454ല്‍ ഷാജഹാനെ(40) കോവളം പൊലീസ് അറസ്റ്റ് ചെയ്തു.

 

ലൈറ്റ് ഹൗസ് ബീച്ച് റോഡില്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ നിന്നു കാല്‍വിന്‍ സുഹൃത്തിന്റെ കാറില്‍ കയറവേ ബൈക്കില്‍ എത്തിയ ഷാജഹാന്‍ വാഹനം വിലങ്ങനെ നിര്‍ത്തി കാല്‍വിനെ കാറില്‍നിന്നു വലിച്ചിറക്കിയ ശേഷം ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ചപ്പോഴാണ് കാല്‍വിനു നേരെ ആക്രമണമുണ്ടായത്. തലയ്ക്കു പിന്നിലും കൈക്കും മര്‍ദനമേറ്റു. സ്വകാര്യ കാര്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്.

 

മാത്രമല്ല സമീപത്തു കിടന്ന കരിങ്കല്ലെടുത്ത് ആക്രമിക്കാനും ശ്രമിച്ചെന്ന് കാല്‍വിന്റെ സുഹൃത്തായ മലയാളി യുവാവ് പറഞ്ഞു. ഷാജഹാനൊപ്പം വന്നവര്‍ സംഘം ചേര്‍ന്നു ആക്രമിക്കും മുന്‍പ് പൊലീസ് എത്തിയതു രക്ഷയായി. കാല്‍വിന്‍ ചികിത്സ തേടി. അതെ സമയം കാറിലുണ്ടായിരുന്ന കാല്‍വിന്റെ പിതാവ് സ്‌കോള്‍ട്ടണു നേരെ ആക്രമണമുണ്ടായില്ല.

 

വൈകിട്ടോടെ പൊലീസ് കാല്‍വിനുമായി സ്ഥലത്ത് എത്തി വിശദമായ അന്വേഷണം നടത്തി. ഫുട്‌ബോള്‍ കളിക്കാരനായ പിതാവും ടെന്നിസ് കളിക്കാരനായ കാല്‍വിനും ചികിത്സാര്‍ഥം കുറച്ചു നാള്‍ കേരളത്തില്‍ ചെലവഴിക്കാനാണ് എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്നുപോയ ഇരുവരും വൈകാതെ മടങ്ങുമെന്നു സുഹൃത്തു പറഞ്ഞു.

 

നടുക്കം മാറാത്ത കാല്‍വിന്‍ അക്രമത്തെ കുറിച്ചു പ്രതികരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ്. രണ്ടു മാസം മുന്‍പ് കോവളം ഹവ്വാ ബീച്ചില്‍ സ്വകാര്യ കാറില്‍ വിദേശി കയറാന്‍ ശ്രമിച്ചപ്പോള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു.