ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിൽ രണ്ടിടത്ത്സ്വർണ്ണ നിറം മങ്ങി ;പരിശോധന

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണം പൂശിയ മേൽക്കൂരയിൽ നിറം മാറ്റം . ഇതേത്തുടർന്ന് തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെ ക്ഷേത്രത്തിലെയും ദേവസ്വം ബോർഡിലെയും മുതിർന്ന ഉദ്യോഗസ്ഥർ നിറംമാറ്റത്തിൽ പരിശോധന നടത്തി. മേൽക്കൂരയുടെ ഒരു ഭാഗത്താണ് നിറവ്യത്യാസം (ഇരുണ്ട പാട്) ശ്രദ്ധയിൽപ്പെട്ടത്.സ്വർണ്ണം പൂശിയ പ്രതലത്തിൽ എന്തെങ്കിലും ദ്രാവകം വീണിട്ടുണ്ടാകാമെന്നാണ് ആശങ്ക ഉയർന്നത്. മേൽക്കൂരയ്ക്ക് കേടുപാടുകൾ വരുത്താനോ നിറം മാറ്റാനോ മനഃപൂർവ്വം ശ്രമിച്ചിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ വിശദമായ പരിശോധനകൾ നടത്തിവരികയാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
''ഇത് ഒരു രാസവസ്തുവല്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്,'' തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം, മേൽക്കൂരയിലേക്ക് നെയ്യ് ഒഴുകിയതാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി ഭക്തർ അർപ്പിക്കുന്ന നെയ്യ് സ്വർണ്ണം പൂശിയ സ്ഥലത്ത് ഒഴുകി പടർന്നതാണെന്നും ഇത് നിറം മാറ്റത്തിന് കാരണമായെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നു. എങ്കിലും കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.ശബരിമല സ്വർണക്കവർച്ച കേസിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, മേൽക്കൂരയിലെ നിറംമാറ്റവും അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് എസ്ഐടി വിശദമായ പരിശോധന നടത്തിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് പ്രത്യേക അനുമതി നേടിയായിരുന്നു എസ്‌ഐടിയുടെ പരിശോധന.

