Kaumudi Plus

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ് ;ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ് ;ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി
X

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി . മുൻ എം ഡി കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയാണ് പ്രതികളെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. സർക്കാർ തീരുമാനം ഹൈക്കോടതിയെ അറിയിക്കും.കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ഇരുവരേയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്ന സിബിഐയുടെ ആവശ്യത്തിൽ, അഞ്ചു വർഷത്തിന് ശേഷമാണ് സർക്കാർ തീരുമാനമെടുക്കുന്നത്. കഴിഞ്ഞ പിണറായി വിജയൻ സർക്കാർ ചന്ദ്രശേഖരൻ പ്രതിയായ കശുവണ്ടി അഴിമതിയിൽ പ്രോസിക്യൂഷൻ അനുമതി നൽകാതെ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ ഹൈക്കോടതി കോടതി അലക്ഷ്യക്കേസും എടുത്തിരുന്നു. കേസിൽ ജൂൺ 22 ന് മുൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പ് അപേക്ഷിച്ചിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ജൂലൈ രണ്ടിനകം ഹാജരാക്കാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. കോടതിയലക്ഷ്യ ഹർജിയിൽ എ.പി.എം മുഹമ്മദ് ഹനീഷ് നൽകിയ മാപ്പപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതിനെ പരാതിക്കാരനായ കടകംപള്ളി മനോജ് സ്വാഗതം ചെയ്തു. 18 വർഷത്തെ പോരാട്ടത്തിന്റെ വിജയമെന്ന് കടകംപള്ളി മനോജ് അഭിപ്രായപ്പെട്ടു. അഴിമതി നിരോധന നിയമമനുസരിച്ച് കുറ്റപത്രം ഫയൽ ചെയ്യാൻ സിബിഐക്ക് അനുമതി നൽകാത്തതിനെതിരെ 2021ൽ പൊതുപ്രവർത്തകനായ കടകംപള്ളി മനോജ് ഹൈക്കോടതിയിൽ ഹർജി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. പ്രോസിക്യൂഷൻ അനുമതി നൽകിയതോടെ, ആർ ചന്ദ്രശേഖരന് ഐഎൻടിയുസി പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും.

കേസിന്റെ പിന്നാമ്പുറം

2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസ്. ഈ കാലയളവിൽ 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തൽ.

വിദേശ രാജ്യങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങിയതിലൂടെ കോർപറേഷന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഇതിനുപുറമെ, ടെൻഡർ നടപടികളിൽ അട്ടിമറി നടത്തുകയും സ്വകാര്യ വ്യക്തികൾക്ക് വഴിവിട്ട് കരാറുകൾ നൽകുകയും ചെയ്തു. അക്കാലത്ത് വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചത് ജെഎംജെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് മാത്രമായിരുന്നു. ഇതിനായി ചട്ടങ്ങൾ ലംഘിച്ചതായും ടെൻഡർ നടപടികളിൽ കൃത്രിമം കാണിച്ചതായും ആരോപണമുണ്ട്.

കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എ രതീഷ്, ജെഎംജെ ട്രേഡേഴ്സ് ഉടമ ജെയ്മോൻ ജോസഫ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസും പിന്നീട് 2015ൽ സിബിഐയും കേസ് അന്വേഷിച്ചു. അന്വേഷണത്തിൽ കോർപറേഷന് കോടികളുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തുകയും 2020ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, പ്രതികളെ വിചാരണ ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്രോസിക്യൂഷൻ അനുമതി നൽകാൻ മുൻ ഇടതു സർക്കാർ തയാറായിരുന്നില്ല. പിണറായി വിജയൻ സർക്കാർ മൂന്ന് തവണയാണ് അനുമതി നിഷേധിച്ചത്.

Next Story
Share it