Sunday 11 June 2023




സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്റ്റീസ്; ഇടനിലക്കാരായി മെഡിക്കല്‍ ഷോപ്പുകളും ലാബുകളും

By Greeshma Rakesh.25 Mar, 2023

imran-azhar

ഗ്രീഷ്മ രാകേഷ്

 

 
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്റ്റീസിന് ഇടനിലക്കാരായി മെഡിക്കല്‍ ഷോപ്പുകളും ലാബുകളും. സ്വകാര്യ പ്രാക്ടീസ് പാടില്ല എന്ന സര്‍ക്കാര്‍ മാനദണ്ഡം കാറ്റില്‍ പറത്തിയാണിത്.ഡോക്ടര്‍മാരെ കാണാനായി രോഗികള്‍ക്ക് മുന്‍കൂട്ടി അനുവാദം നല്‍കുന്നതുപോലും മെഡിക്കല്‍ ഷോപ്പുകാരാണ്.

 

പലപ്പോഴും ആശുപത്രിയില്‍ വരാത്ത ദിവസം ആശുപത്രികളുടെ സമീപത്തു റൂം എടുത്ത് രോഗികളെ പരിശോധിക്കുന്നുണ്ട്. ഇതിനു ഏറ്റവും ഒടുവിലത്തെ തെളിവാണ് പാറശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അശുപത്രിക്ക് സമീപം മെഡിക്കല്‍ ഷോപ്പ്, സ്‌കാനിങ് സെന്റര്‍ എന്നിവയോടു ചേര്‍ന്ന് ആര്‍എംഒ അടക്കം എട്ടോളം ഡോക്ടര്‍മാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രാക്ടീസ് നടത്തുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്ത് നിരവധി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാട്കീസി നടത്തുണ്ട്.

 

സ്വകാര്യ പ്രാക്റ്റീസിന് ഡോക്ടര്‍മാരെ കാണാനെത്തുന്ന രോഗികള്‍ക്ക് ടോക്കണ്‍ നല്‍കുന്നതു പോലും ആശുപത്രിക്കു സമീപത്തെ മെഡിക്കല്‍ ഷോപ്പുകാരും ലാബുകാരുമാണ്. ചില ഡോക്ടര്‍മാര്‍ തന്നെ ഏത് മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നു വാങ്ങണമെന്ന നിര്‍ദ്ദേശം രോഗികള്‍ക്കു നല്‍കാറുണ്ട്. ചില ഡോക്ടര്‍മാര്‍ കുറിക്കുന്ന പ്രത്യോക കമ്പനിയുടെ മരുന്നുകള്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ സ്റ്റോറുകളില്‍ മാത്രമെ ലഭ്യമാകൂ.

 

ഇതുതന്നെയാണ് മെഡിക്കല്‍ ലാബുകളുടെ കാര്യത്തിലും നടക്കുന്നത്. സ്‌കാനിങ് മുതല്‍ രക്ത പരിശോധന വരെ ഏതു ലാബില്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കും. അവിടെ പോയില്ലെങ്കില്‍ പിന്നെ പരിശോധനയും ചികിത്സയുമില്ല. ചില ലാബുകളും മെഡിക്കല്‍ ഷോപ്പുകളും ഡോക്ടര്‍മാരുടെ ഉറ്റ ബന്ധുക്കളായിരിക്കും നടത്തുന്നത്. അല്ലെങ്കില്‍ മാസപ്പടി കൃത്യമായി ലഭിക്കുന്നതിനുള്ള പ്രത്യുപകാരമായിട്ടാകും ഡോക്ടര്‍മാര്‍ രോഗികളെ അവിടേക്കു തള്ളിവിടുന്നതും.

 

സര്‍ക്കാര്‍ മാനദണ്ഡം ലംഘിച്ച ഡോക്ടര്‍മാറെ കൈയ്യോടെ പിടിച്ചാലോ പിന്നെ അവരുടെ സംഘടനകള്‍ കൊടിയും പൊക്കി സമരവുമായി രംഗത്തെത്തും. ഒ.പി ബഹിഷ്‌കരണം, രോഗികളെ പരിശോധിക്കാതിരിക്കുക എന്നിവയാണ് സംഘടനകളുടെ പ്രധാന സമരമുറകള്‍. ഇക്കാരണത്താലാണ് പലപ്പോഴും സര്‍ക്കാരോ, ആരോഗ്യ വകുപ്പോ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത കാട്ടുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ആ അവസരമാണ് ഡോക്ടര്‍മാര്‍ മുതലെടുക്കുന്നതും.

 

പ്രസവ സംബന്ധമായ കേസുകള്‍, ശസ്ത്രക്രിയ ആവശ്യമായ രോഗികള്‍ എന്നിവരില്‍ നിന്ന് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നു എന്ന ആരോപണം ശക്തമാണ്. മാത്രമല്ല അനസ്‌തേഷ്യ വിഭാഗത്തില്‍ ചിലര്‍ പണം നല്‍കിയ രോഗികള്‍ക്ക് സ്ത്രക്രിയക്ക് മുന്‍ഗണന നല്‍കുന്നതായി രോഗികള്‍ തന്നെ പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സര്‍ജ്ജറി വിഭാഗത്തിലെ ഡോക്ടര്‍ പണം ആവശ്യപ്പെട്ടത് നല്‍കാന്‍ കഴിയാതെ 90 ദിവസത്തോളം ശസ്ത്രക്രിയ വൈകി കിടക്കേണ്ടിവന്ന രോഗികളുണ്ട്.

 

മാത്രമല്ല യൂറോളജി, ഗ്യാസ്ട്രോ, ഓര്‍ത്തോ, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളിലെ ചില ഡോക്ടര്‍മാര്‍ കൈക്കൂലി ലഭിക്കാത്ത പക്ഷം സര്‍ജറി വൈകിപ്പിക്കുന്നുവെന്ന പരാധികള്‍ വിജിലന്‍ലിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ 12 ഡോക്ടര്‍മാര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലാണ്.

 

ചില ഡോക്ടര്‍മാര്‍ക്ക് തല്ലുക്കിട്ടോണ്ടതാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞതും ഇത്തരം ഡോക്ടര്‍മാരെക്കുറിച്ചാണ്. എന്നാല്‍ ഗണേഷ് കുമാറിന്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്നാണ് ഐഎംഎ പറഞ്ഞത്. അപ്പോഴും ഇത്തരത്തില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേയോ കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ക്കെതിരെയോ നടപടി സ്വീകരിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ തയ്യാറാകിന്നില്ല.