Kaumudi Plus

മദ്യ നയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം; മുന്നറിയിപ്പുമായി കെ സി വേണു​ഗോപാൽ

മദ്യ നയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം;  മുന്നറിയിപ്പുമായി കെ സി വേണു​ഗോപാൽ
X

ആലപ്പുഴ: ബഡ്ജറ്റിൽപ്രഖ്യാപിച്ച മദ്യനയം അടക്കമുള്ള കാര്യങ്ങളിൽ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. . മദ്യ നയത്തിലും ധാതു മണലിന്റെ കാര്യത്തിലും ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്. ആ ആശങ്കകൾ ദൂരികരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.സംസ്ഥാനത്തെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളിൽ പാർട്ടിക്ക് അകത്ത് ചർച്ചയുണ്ടാകും. സർക്കാരിന്റെ പ്രവർത്തനങ്ങൾ നന്നായിട്ട് മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ചില ഭാഗത്തു നിന്നും ചില ആശങ്കകൾ സ്വാഭാവികമായും ഉണ്ടാകും. പുതിയ സർക്കാർ വന്നതേയുള്ളൂ. സർക്കാരെടുക്കുന്ന നിലപാടുകളിൽ ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ പാർട്ടി തലത്തിൽ ചർച്ച ചെയ്യുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

എത്രയോ നല്ല പ്രഖ്യാപനങ്ങൾ സർക്കാരിന്റെ ബജറ്റിൽ ഉണ്ടായിട്ടുണ്ട്. ജനങ്ങൾ കാത്തിരുന്ന ഒരുപാട് നല്ല പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. ഒരു മാസത്തിനിടെ എത്ര നല്ല നല്ല കാര്യങ്ങൾ സർക്കാർ ചെയ്തു. ഏതെങ്കിലും ചില ആശങ്കകൾ ഉണ്ടായാൽ അതു ദൂരീകരിച്ചു പോകുക എന്നതുമാത്രമാണ് സർക്കാരിന്റെ മുന്നിലുള്ളത്. നയപരമായ കാര്യങ്ങളെല്ലാം പാർട്ടി തലത്തിലും ചർച്ച ചെയ്യുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു.കരിമണൽ ഖനനത്തിൽ കോൺഗ്രസിന് ദേശീയ തലത്തിൽ ഒരു നിലപാടുണ്ട്. സംസ്ഥാന തലത്തിലും കോൺഗ്രസിനും യുഡിഎഫിനും നയമുണ്ട്. അതിനുള്ളിൽ നിന്നുകൊണ്ടു മാത്രമേ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. സർക്കാർ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളാണെങ്കിലും, ജനങ്ങൾക്ക് സ്വീകാര്യമാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. തീരദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരമേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തി വേണം പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

Next Story
Share it