കുപ്പി ഒന്നിന് 1 രൂപ സെസ്;ലഹരിവിരുദ്ധ ക്യാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ഏർപ്പെടുത്താനൊരുങ്ങി സർക്കാർ .എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായിട്ടാണ് ഇത്തരം നീക്കം . പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവഴി മാസം അഞ്ച് കോടിയോളം രൂപ സെസ് ഇനത്തിൽ സമാഹരിക്കാനാകും. ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴിൽ പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
ലഹരിമരുന്ന് ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കാൻ പോകുന്ന സമഗ്ര ലഹരി നയത്തിന് ഈ അധിക വരുമാനം വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ. നിയമപാലനം, ബോധവൽക്കരണം, ലഹരിവിമുക്തി, പുനരധിവാസം എന്നീ നാല് കാര്യങ്ങൾക്കായാകും ഈ നയം പ്രവർത്തിക്കുക. ലഹരിവിരുദ്ധ നയത്തിൽ പുനരധിവാസം കൂടി ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും കൂടുതൽ ലഹരിവിമുക്ത കേന്ദ്രങ്ങൾ തുടങ്ങുമെന്നും എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. സർക്കാർ ഫണ്ടുകൾക്ക് പുറമെ സിഎസ്ആർ ഫണ്ടുകളും ഇതിനായി ഉപയോഗിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പുനരധിവാസ മേഖലയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിശദാംശങ്ങൾ വൈകാതെ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. 'പുനരധിവാസ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രത്യേക പരിശീലനം നൽകും. ഓരോരുത്തരുടെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, ഒരു യുവാവിന് ക്രിക്കറ്റിനോടാണ് താല്പര്യമെങ്കിൽ ഒരു അക്കാദമിയിൽ ചേരാനുള്ള അവസരം നൽകും. കലാരംഗത്ത് താൽപര്യമുള്ളവർക്ക് അതിനനുസരിച്ചുള്ള സമീപനമായിരിക്കും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാൻ സാമൂഹിക സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കും' -മന്ത്രി പറഞ്ഞു.

