By Greeshma Rakesh.25 Mar, 2023
നെടുങ്കണ്ടം : കടുത്ത വേനല്‍ച്ചൂടിലും നാട്ടുകാര്‍ക്കു കൗതുകമായിരിക്കുകയാണ് നെടുങ്കണ്ടം മേഖലയില്‍ പെയ്തിറങ്ങിയ ആലിപ്പഴം. മാത്രമല്ല ബക്കറ്റുകളില്‍ സൂക്ഷിച്ചും കയ്യിലെടുത്തു വിഡിയോ പകര്‍ത്തിയും ആലിപ്പഴ മഴ പ്രദേശവാസികള്‍ ഉത്സവമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരുണാപുരത്തും ഇന്നലെ നെടുങ്കണ്ടത്തുമാണ് ആലിപ്പഴ മഴയുണ്ടായത്.
എന്നാല്‍, ഇന്നലെ പെയ്ത മഴയില്‍ സ്ഥലത്തെ കൃഷിയിടങ്ങളില്‍ വ്യാപകനാശമുണ്ടായി. ഏകദ്ദേശം ഒരടിയോളം കനത്തില്‍ പെയ്തിറങ്ങിയ ആലിപ്പഴം വീണു ഏലച്ചെടികളുടെ ഇലകള്‍ നശിച്ചു. കൂടാതെ ചെടികളുടെ ചുവട്ടിലേക്ക് ആലിപ്പഴം പെയ്തത് ഇലകളും ചെടികളുടെ ചരങ്ങളും കരിഞ്ഞുണങ്ങുന്നതിനു കാരണമാകും.
എല്ലാ വര്‍ഷത്തേയും പോലെ വേനല്‍ കടുക്കുന്നതോടെ ഇലകരിച്ചിലും ഉണ്ടാകും. ഇതോടെ വരുന്ന സീസണില്‍ ഉല്‍പാദനം കുറയും. കനത്ത വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ ഏലത്തോട്ടങ്ങളില്‍ സ്ഥാപിച്ചിരുന്ന നെറ്റുകളും തകര്‍ന്നു. വേനല്‍മഴയില്‍ ആലിപ്പഴ മഴ സാധാരണമാണെങ്കിലും ഇത്തവണ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്.