By priya.23 Sep, 2022
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ 10 ജില്ലകളിലും ഗുര്‍ഗാവിലും സ്‌കൂളുകള്‍ അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ തുടങ്ങി. ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റും വീടിന്റെ ഭിത്തി തകര്‍ന്നു വീണും 13 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 11 പേര്‍ക്ക് പരുക്കേറ്റു.
ഫിറോസാബാദ്, അലിഗഡ് എന്നിവിടങ്ങളില്‍ എല്ലാ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചര വരെ 31.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. ഗുര്‍ഗാവില്‍ വ്യാഴാഴ്ച 54 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. വസീരാബാദില്‍ 60 മില്ലീമീറ്റര്‍ മഴ പെയ്തു.