Kaumudi Plus

എബോളയില്‍ കനത്ത ജാഗ്രത;ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ നിർബന്ധമാക്കി

എബോളയില്‍ കനത്ത ജാഗ്രത;ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ നിർബന്ധമാക്കി
X

ന്യൂഡൽഹി: ആഫ്രിക്കയിൽ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ ആരോഗ്യ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി 'എയർ സുവിധ 2.0' പുറത്തിറക്കി. പൂർണ്ണമായും ഡിജിറ്റലായും സമ്പർക്കരഹിതമായും പ്രവർത്തിക്കുന്ന ഒരു പാസഞ്ചർ ഹെൽത്ത് ഡിക്ലറേഷൻ പ്ലാറ്റ്ഫോമാണിത്.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിലെ എബോള വൈറസ് രോഗബാധയെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി സഹകരിച്ച് പരിഷ്‌കരിച്ച പോർട്ടൽ അവതരിപ്പിച്ചത്. പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിന് അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആഗോള യാത്രകൾ രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ, എയർ സുവിധ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ പൊതുജനാരോഗ്യ സുരക്ഷയിൽ നിർണായകമാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതോടൊപ്പം തന്നെ, രോഗസാധ്യതയുള്ളവരെ വേഗത്തിൽ തിരിച്ചറിയാൻ ഈ പുതിയ പ്ലാറ്റ്ഫോം അധികൃതരെ സഹായിക്കും.

യാത്രക്കാർ ചെയ്യേണ്ടത് എന്ത്?

മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസുമായി സഹകരിച്ചാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ ക്ലിയറൻസിന് മുമ്പായി നിർബന്ധമായും ഓൺലൈൻ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കേണ്ടതുണ്ട്.

ഡിക്ലറേഷനിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ:

കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം (21-day travel history), രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടോ എന്ന വിവരങ്ങൾ എബോള അണുബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്നി വിവരങ്ങളാണ് സമർപ്പിക്കേണ്ടത്. ഇന്ത്യയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് വരെ ഈ ഫോം പൂരിപ്പിക്കാൻ സാധിക്കും. വെബ് ചെക്ക്-ഇൻ സമയത്ത് തന്നെ ഇത് സമർപ്പിക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫോം പൂരിപ്പിച്ച ശേഷം ലഭിക്കുന്ന 'സെൽഫ് ഡിക്ലറേഷൻ ഫോം' അന്താരാഷ്ട്ര ട്രാവൽ ഹെൽത്ത് ഡെസ്‌കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ കാണിച്ചാൽ മതിയാകും.

Next Story
Share it