By priya.23 Jul, 2022
കൊച്ചി: കുട്ടികള്‍ ഗര്‍ഭിണിയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. നിലവില്‍ സ്‌കൂളുകളില്‍ നല്‍കുന്ന ലൈംഗിക വിദ്യാഭ്യാസം പര്യാപ്തമാണോ എന്ന കാര്യത്തില്‍ പുനഃപരിശോധന വേണമെന്നു ജസ്റ്റിസ് വി.ജി.അരുണ്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍ നിന്നു പതിമൂന്നുകാരി ഗര്‍ഭിണിയായി 30 ആഴ്ച വളര്‍ച്ചയെത്തിയ ശേഷം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും സുരക്ഷിതമായി ഉപയോഗിക്കാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.പല കേസുകളിലും ഗര്‍ഭധാരണത്തിന് ഉത്തരവാദികളാകുന്നത് പ്രായപൂര്‍ത്തിയാകാത്ത അടുത്ത ബന്ധുക്കള്‍ തന്നെയാണ്. ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന അശ്ലീല വിഡിയോകള്‍ കുട്ടികളെയും കൗമാരക്കാരെയും വഴിതെറ്റിക്കുകയും തെറ്റായ ചിന്തകളിലേക്കു നയിക്കുകയുമാണെന്നു കോടതി പറഞ്ഞു.
ഗര്‍ഭം അലസിപ്പിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ടീമിനെ നിയോഗിക്കണം. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചാല്‍ മികച്ച ചികിത്സ ഉറപ്പാക്കണം. കുഞ്ഞിനെ ഏറ്റെടുക്കാന്‍ വീട്ടുകാര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിയമപ്രകാരം സൗകര്യം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. നിയമപ്രകാരം 24 ആഴ്ച വരെയാണു ഗര്‍ഭഛിദ്രത്തിന് അനുമതിയുള്ളത്.