പച്ചക്കൊടി വീശി ഹൈക്കോടതി ;എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാം;സിഎംആർഎല്ലിന് തിരിച്ചടി

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന്ജസ്റ്റിസുമാരായ എ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സിഎംആർഎല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സുപ്രീംകോടതിയെ സമീപിക്കുന്നതിനായി, രണ്ടാഴ്ച വിധി മരവിപ്പിക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യവും കോടതി തള്ളി.അന്വേഷണം നടത്തുന്നതിൽ എന്താണ് തടസ്സമെന്ന് കോടതി വാദത്തിനിടെ സിഎംആർഎല്ലിനോട് ചോദിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കട്ടെ. രേഖകൾ എല്ലാ കയ്യിലുണ്ടെങ്കിൽ അത് ഹാജരാക്കിയാൽ മതിയല്ലോ. ക്ലീൻ ചിറ്റ് ലഭിച്ചുകഴിഞ്ഞാൽ പിന്നീട് പ്രശ്‌നമില്ലല്ലോ എന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിഎംആർഎല്ലിനോട് ചോദിച്ചിരുന്നു.
അധികാരപരിധി മറികടന്നാണ് ഇഡി അന്വേഷണം നടത്തുന്നതെന്നാണ് സിഎംആർഎൽ വാദിച്ചിരുന്നത്. തെളിവ് ശേഖരണത്തിനായി സമൻസ് അയക്കാൻ ഇഡിക്ക് അധികാരമില്ല. ആദായനികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇ ഡിയുടെ പരിധിയിൽ വരില്ലെന്നും കമ്പനി വാദിച്ചു. കൂടാതെ, ഹൈക്കോടതി സിംഗിൾ ബെഞ്ച് തങ്ങൾക്ക് മറുപടി നൽകാൻ അവസരം തന്നില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും സിഎംആർഎൽ വാദിച്ചിരുന്നു.എന്നാൽ, മറ്റ് ഏജൻസികൾ ഈ കേസ് അന്വേഷിക്കുന്നുണ്ടോ എന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് ഇഡിക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാർ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കിയത്. എസ്എഫ്‌ഐഒ ജനുവരിയിൽ അന്വേഷണം തുടങ്ങിയ കേസിൽ മാർച്ചിലാണ് തങ്ങൾ അന്വേഷണം ആരംഭിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാൻ തങ്ങൾക്ക് പൂർണ്ണ അധികാരമുണ്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.

