Kaumudi Plus

"ഏഴരപൊന്നാന"യുടെ സ്വർണ്ണശുദ്ധി പരിശോധിക്കണം ; ഹൈക്കോടതി നിർദേശം

ഏഴരപൊന്നാനയുടെ  സ്വർണ്ണശുദ്ധി പരിശോധിക്കണം ; ഹൈക്കോടതി നിർദേശം
X

കൊച്ചി: കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ 'ഏഴരപ്പൊന്നാന'യിലെ സ്വർണത്തിന്റെ ഗുണനിലവാരവും മാറ്റും പരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗത്തിന് ഹൈക്കോടതി നിർദേശം നൽകി .സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്.ഏഴരപ്പൊന്നാനയുടെ സ്വർണപ്പാളികൾ അടുത്തിടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും വിധേയമാക്കിയിരുന്നു എന്ന് കാണിച്ച് എ ജി പ്രസാദ് കുമാർ എന്ന ഭക്തൻ ദേവസ്വം ബോർഡിന് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് കോടതി ഇടപെടൽ. അറ്റകുറ്റപ്പണികൾക്കിടയിലും നവീകരണത്തിനിടയിലും യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി പകരം ചെമ്പോ മറ്റ് വിലകുറഞ്ഞ ലോഹങ്ങളോ ചേർത്തുവെന്നാണ് ഇദ്ദേഹം ആരോപിച്ചത്. ഇതേത്തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും ദേവസ്വം ബോർഡിനോട് റിപ്പോർട്ട് തേടുകയുമായിരുന്നു.ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിന് മാത്രം പുറത്തെടുക്കുന്ന, ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും ഉൾപ്പെടുന്ന എട്ട് സ്വർണ്ണ ആനവിഗ്രഹങ്ങളാണ് ഏഴരപ്പൊന്നാന.കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറും നൽകിയ റിപ്പോർട്ടുകൾ ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയിരുന്നു. പ്രസക്തമായ എല്ലാ രജിസ്റ്ററുകളും പരിശോധിച്ച് ക്രോസ്-വെരിഫിക്കേഷൻ നടത്തിയതായും, ഏഴരപ്പൊന്നാനയിൽ യാതൊരുവിധ അറ്റകുറ്റപ്പണികളും ക്രമക്കേടുകളും നടന്നതായോ ഉള്ള രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെയും കണ്ടെത്തലുകളെ അവിശ്വസിക്കേണ്ടതില്ലെങ്കിലും, ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗത്തിന്റെ സ്വതന്ത്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും പരിശോധിച്ച്, ആരോപണങ്ങളിന്മേലുള്ള കണ്ടെത്തലുകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് കോടതി നിർദ്ദേശം നൽകി.അന്വേഷണ വേളയിൽ, സ്വർണത്തിന്റെ തൂക്കം, ഗുണനിലവാരം, മാറ്റ് എന്നിവ കൃത്യമായി പരിശോധിക്കുന്നതിനായി ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ ഒരു സ്വർണപ്പണിക്കാരന്റെ സേവനവും തേടേണ്ടതാണ്, കോടതി വ്യക്തമാക്കി.

Next Story
Share it