Friday 29 September 2023




മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

By Greeshma Rakesh.18 Sep, 2023

imran-azhar

 

 


കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ 6 മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. മോഹന്‍ലാല്‍ അടക്കമുള്ളവരോട് കേസില്‍ നേരിട്ട് ഹാജരാകാന്‍ നേരത്തെ കീഴ്‌കോടതി നിര്‍ദേശിച്ചിരുന്നു.

 

കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി, നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ കേസ് പിന്‍വലിക്കാനുള്ള ആവശ്യം പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

 

2011 ല്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാന്‍ കാരണമായി സര്‍ക്കാരും മോഹന്‍ലാലും കോടതിയില്‍ ഉന്നയിച്ച വാദം.

 

 

ചെന്നൈ- മംഗലാപുരം ട്രെയിനില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് കണ്ണൂരിലെത്തിയപ്പോള്‍

 


കണ്ണൂര്‍ : ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ചെന്നൈ- മംഗലാപുരം ട്രെയിനിലാണ് സംഭവം.ഗുജറാത്ത് തുളസിദര്‍ സ്വദേശി സയ്യിദ് ആരിഫ് ഹുസൈന്‍ ( 66) ആണ് മരിച്ചത്. ചെന്നൈ- മംഗലാപുരം മെയിലിലെ യാത്രക്കാരനായിരുന്നു.മരണകാരണം വ്യക്തമല്ല.

 

തിങ്കളാഴ്ച രാവിലെ 9 മണിയോടെ ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോഴാണ് ഇയ്യാള്‍ മരിച്ച് വിവരം മറ്റു യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയില്‍ നിന്ന് കയറിയ ഇയാള്‍ കാസര്‍ക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

കുറഞ്ഞ ചെലവില്‍ ബസ് യാത്ര; കെഎസ്ആര്‍ടിസി ജനത സര്‍വീസിന് തിങ്കളാഴ്ച തുടക്കം

 

കൊല്ലം:സാധാരണക്കാര്‍ക്കുള്‍പ്പെടെ കുറഞ്ഞ ചെലവില്‍ എ.സി.ബസില്‍ യാത്രചെയ്യാനുള്ള അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി.യുടെ 'ജനത സര്‍വീസ്'. തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ ഏഴിന് കൊല്ലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്ത് കന്നിയാത്ര ആരംഭിക്കും. ആദ്യപരീക്ഷണം എന്നനിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ്.

 

തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ സമയക്രമം. കെ.എസ്.ആര്‍.ടി.സി.യുടെ ലോ ഫ്ലോര്‍ എ.സി.ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗപ്പെടുത്തുന്നത്. 20 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഫാസ്റ്റിനെക്കാള്‍ അല്പം കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കുറഞ്ഞ നിരക്കുമാണുള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എ.സി. സൂപ്പര്‍ ഫാസ്റ്റ് നിരക്കാണ് ഈടാക്കുന്നത്.

 

കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളില്‍നിന്ന് എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിര്‍ത്തുന്ന ജനത സര്‍വീസ്, രാവിലെ 7.15-നു പുറപ്പെട്ട് 9.30-ന് തിരുവനന്തപുരത്ത് എത്തും. അവിടെനിന്ന് 10-ന് യാത്ര തിരിക്കുന്ന ബസുകള്‍ 12-ന് കൊല്ലത്തും കൊട്ടാരക്കരയിലും എത്തും. ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് 4.30-ന് തിരുവനന്തപുരത്ത് എത്തും.

 

അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം (മെഡിക്കല്‍ കോളേജ്-കൊല്ലം ബസ്), കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15-ന് സര്‍വീസ് അവസാനിപ്പിക്കുന്ന രീതിയിലാണ് സംയക്രമം. അതെസമയം പരിസരമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജനത സര്‍വീസുകള്‍ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.