ആഭ്യന്തരകലഹം രൂക്ഷം ;ശിവസേന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് ഉദ്ധവ് താക്കറെ

മുംബൈ: ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർക്ക് തന്റെ നേതൃത്വത്തിൽ വിശ്വാസമില്ലെങ്കിൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ . തനിക്ക് നേതൃത്വത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് പാർട്ടി അംഗങ്ങൾക്ക് തോന്നുകയാണെങ്കിൽ, ഏത് സാധാരണ പ്രവർത്തകനും ചുമതല കൈമാറാൻ താൻ തയ്യാറാണെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങില്ലെന്നും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു ഉദ്ധവിന്റെ പ്രതികരണം.
'ഞാൻ പോരാട്ടം നിർത്തില്ല. എന്നാൽ, ഈ പദവിക്ക് ഞാൻ യോഗ്യനല്ലെന്ന് നിങ്ങൾക്ക് തോന്നുന്ന ദിവസം ഞാൻ ഈ കസേര ഒഴിഞ്ഞുതരും. ഞങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെടുമെന്നാണ് ചിലർ കരുതുന്നത്. എന്നാൽ അത് സംഭവിക്കില്ല. ഞാൻ ഉത്തരവുകൾ നൽകണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്. നമ്മെ ചതിക്കുന്നവരെ തകർക്കാൻ ബാൽസാഹേബ് (ബാൽ താക്കറെ) നേരത്തെ തന്നെ ഉത്തരവ് നൽകിയിട്ടുണ്ട്' -പാർട്ടിയുമായി അകലുകയും പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത ആറ് എംപിമാരെ ഉന്നമിട്ട് ഉദ്ധവ് പറഞ്ഞു.
ഈ ആഴ്ച ആദ്യം, ഉദ്ധവ് പക്ഷത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി ഒൻപത് ലോക്സഭാ എംപിമാരിൽ ആറുപേർ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരാൻ ഒരുങ്ങുന്നതായി പറയപ്പെടുന്ന വിമത എംപിമാർ, ഉദ്ധവ് വിളിച്ചുചേർത്ത നിർണായക പാർലമെന്ററി പാർട്ടി യോഗം ഒഴിവാക്കിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. എംപിമാർ പാർട്ടി വിട്ടുപോയ സംഭവത്തിൽ വോട്ടർമാരോട് ഉദ്ദവ് താക്കറെ ക്ഷമാപണം നടത്തി.
താൻ നേതാക്കൾക്ക് അപ്രാപ്യനാണെന്ന് കുറ്റപ്പെടുത്തിയ കൂറുമാറ്റക്കാരെ ലക്ഷ്യമിട്ട്, ശിവസേനയാണ് പലരെയും ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് താക്കറെ ഓർമിപ്പിച്ചു. താൻ ഇല്ലായിരുന്നില്ലെങ്കിൽ അവർ എങ്ങനെ തെരഞ്ഞെടുപ്പിൽ ജയിക്കുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസുമായുള്ള ശിവസേന (ഉദ്ധവ് വിഭാഗം) സഖ്യത്തെ ന്യായീകരിച്ച താക്കറെ, കോൺഗ്രസിലേക്ക് പാർട്ടി ലയിക്കുമെന്ന അഭ്യൂഹം തള്ളി. ഈ ലയന വാർത്തയാണ് അടുത്തിടെയുണ്ടായ കൂറുമാറ്റങ്ങൾക്ക് കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നത്.
'30 വർഷം ഞങ്ങൾ ബിജെപിക്കൊപ്പമുണ്ടായിരുന്നിട്ടും ബിജെപിയിൽ ലയിച്ചിട്ടില്ലെങ്കിൽ, ഞങ്ങൾ എങ്ങനെ കോൺഗ്രസിൽ ലയിക്കും?' -അദ്ദേഹം ചോദിച്ചു. മുൻകാലങ്ങളിൽ കോൺഗ്രസുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അവർ 'മാതോശ്രീ'യെ (താക്കറെയുടെ വസതി) ഒരിക്കലും അപമാനിച്ചിട്ടില്ലെന്നും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട്, കോൺഗ്രസ് ബിജെപിയുടെ ഹിന്ദുത്വയേക്കാൾ ഭേദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്നാഥ് ഷിൻഡെ ഉദ്ധവ് താക്കറെയെ വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കി ഉദ്ധവ് ബാൽ താക്കറെയുടെ പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുത്തുവെന്ന് ഷിൻഡെ കുറ്റപ്പെടുത്തി. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ വെറുമൊരു ട്രെയിലർ മാത്രമാണെന്നും സിനിമ വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാൽ് താക്കറെയുടെ ദർശനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് തന്റെ വിഭാഗമാണെന്ന് ഷിൻഡെ അവകാശപ്പെട്ടു.
2022ൽ ഏക്നാഥ് ഷിൻഡെ പാർട്ടി പിളർത്തി ബിജെപിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) ഇപ്പോൾ നേരിടുന്നത്. ഉദ്ധവ് പക്ഷത്തെ ഒൻപത് ലോക്സഭാ എംപിമാരിൽ ആറുപേർ പാർട്ടി നേതൃത്വത്തിനെതിരെ തിരിയുകയും എതിർ വിഭാഗത്തിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. ഇവർ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.
പാർട്ടി ബാൽസാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുകയാണെന്നും കോൺഗ്രസുമായുള്ള യുബിടി സേനയുടെ വർദ്ധിച്ചുവരുന്ന അടുപ്പത്തിൽ ആശങ്കയുണ്ടെന്നുമാണ് വിമതർ ആരോപിക്കുന്നത്. എന്നാൽ താക്കറെ വിഭാഗം ഈ അവകാശവാദങ്ങൾ തള്ളിക്കളയുകയും, വിമത എംപിമാർക്ക് നോട്ടീസ് അയച്ച് അവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

