നിയമനത്തെചൊല്ലി ആഭ്യന്തരകലഹം രൂക്ഷം ;മുസ്ലിം ലീഗില്‍ ഭിന്നത

മലപ്പുറം: മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും നേതൃത്വം നൽകുന്ന പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവർത്തനത്തിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്‍തി . മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളും സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പാർട്ടി പിന്തുണയുള്ള നിയമനങ്ങളും ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത് .മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച അസംതൃപ്തി, സർക്കാർ പ്ലീഡർ നിയമനങ്ങളെ തുടർന്നാണ് കൂടുതൽ ശക്തമായത്. ജില്ലാ നേതൃത്വത്തിന്റെ ശുപാർശകൾ അവഗണിച്ച് ചില വ്യക്തികൾക്ക് മുൻഗണന നൽകിയെന്നാണ് നേതാക്കളുടെ ആക്ഷേപം. പാർട്ടിയുമായി ദീർഘകാല ബന്ധമില്ലാത്ത വിരമിച്ച സർക്കാർ ജീവനക്കാരെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
മുസ്ലീം ലീഗിന് അനുവദിച്ച ഒമ്പത് സർക്കാർ പ്ലീഡർ തസ്തികകളിലേക്കുള്ള നിയമനങ്ങളും പാർട്ടിക്കുള്ളിൽ വിവാദമായിട്ടുണ്ട്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറയുടെ ഭർത്താവ് അഡ്വ. പി.എ. നിഷാദിനെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചതിനെതിരെ ചില നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. പാർട്ടിക്കായി ദീർഘകാലം പ്രവർത്തിച്ച അഭിഭാഷകരെ അവഗണിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്.അതേസമയം, മെറിറ്റും യോഗ്യതയും അടിസ്ഥാനമാക്കി നിയമനങ്ങൾ ഉറപ്പാക്കാനാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. നിയമനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി റഷീദ് അലി തങ്ങൾ മന്ത്രിമാരുമായി ചർച്ച നടത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.ലീഗ് മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകൾ, കോർപ്പറേഷനുകൾ, സർവകലാശാല സിൻഡിക്കേറ്റുകൾ എന്നിവിടങ്ങളിലേക്കുള്ള വരാനിരിക്കുന്ന നിയമനങ്ങളിലും സമാന വിവാദങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.

